പള്ളുരുത്തി: പള്ളുരുത്തി കെ.എസ്.ഇ.ബി.ഓഫീസ് ഇടക്കൊച്ചിയിലേക്ക് മാറ്റി സ്ഥാപിച്ചതോടെ ആയിരക്കണക്കിന് ഉപഭോക്താക്കൾ ദുരിതത്തിലായി. പള്ളുരുത്തി ഓഫീസ് നില നിർത്തിക്കൊണ്ട് ഇടക്കൊച്ചിയിൽ ഓഫീസ് തുറക്കാനായിരുന്നു നടപടി. പള്ളുരുത്തി ഓഫീസിലെ നീണ്ട ക്യൂ റോഡ് വരെ എത്തിയതിനെ തുടർന്ന് ഗതാഗത സ്തംഭനം ഉണ്ടായിരുന്നു.ഈ സാഹചര്യത്തിലായിരുന്നു പുതിയ ഓഫീസ് തുറന്ന് തിരക്ക് നിയന്ത്രിക്കാനുള്ള നടപടി. എന്നാൽ ഇതിപ്പോൾ അവതാളത്തിലായി. പള്ളുരുത്തിയിൽ നിന്നും കിലോമീറ്ററുകളോളം ഉപഭോക്താക്കൾക്ക് സഞ്ചരിക്കേണ്ട ഗതികേടായി. ഇതിനിടയിൽ പള്ളുരുത്തി കച്ചേരിപ്പടി മാർക്കറ്റ് കെട്ടിടത്തിലേക്ക് ഓഫീസ് മാറ്റാൻ എല്ലാ നടപടിയും അധികാരികൾ ഒരുക്കിയെങ്കിലും പാതിവഴിയിലായി. കൊച്ചിൻ കോർപ്പറേഷനും കെ.എസ്.ഇ.ബിയും തമ്മിലുള്ള പേപ്പർ ജോലികളിൽ തടസം വന്നതാണ് കാരണം.നിരവധി മുറികളാണ് കച്ചേരിപ്പടി മാർക്കറ്റിൽ ഒഴിഞ്ഞ് കിടക്കുന്നത്.ഇവിടെ സാമൂഹ്യ വിരുദ്ധ ശല്യവും ലഹരി മാഫിയകളുടെ ശല്യവും വർദ്ധിച്ചതോടെയാണ് പുതിയ പദ്ധതിക്ക് അധികാരികൾ രൂപം കൊടുത്തത്.അതും ചുവപ്പ് നാടയിൽ കുരുങ്ങിയ സ്ഥിതിയായി മാറി. ഇടക്കൊച്ചിയിലേക്ക് ഓഫീസ് മാറ്റിസ്ഥാപിച്ചതിൽ പള്ളുരുത്തിയിൽ പ്രതിഷേധം ഉയരുകയാണ്. വരും ദിവസങ്ങളിൽ പല സംഘടനകളും സമരപരിപാടികൾക്ക് രൂപം നൽകിയിട്ടുണ്ട്.