kanthalloor
ദ്വിദിന സാമൂഹികാരോഗ്യ കോൺഫറൻസിൽ പങ്കെടുത്തവർ

കാന്തല്ലൂർ: സോഷ്യൽ ഹെൽത്ത് വൺ ഹെൽത്ത് മൂവ്‌മെന്റും (എസ്.എച്ച്.ഒ.എച്ച്.എം) ഓർഗാനിക് കേരള ചാരിറ്റബിൾ ട്രസ്റ്റും ചേർന്ന് കാന്തല്ലൂരിലെ ചീനി ഹിൽസിൽ ദ്വിദിന സാമൂഹികാരോഗ്യ കോൺഫറൻസ് സംഘടിപ്പിച്ചു. ഡോക്ടർമാർ, അദ്ധ്യാപകർ, ആർക്കിടെക്ടുകൾ, സോഷ്യൽ വർക്കർമാർ, പരിസ്ഥിതി വിദ്യാർത്ഥികൾ തുടങ്ങിയവർ പങ്കെടുത്തു.
ജൈവകൃഷി വ്യാപിക്കാനുള്ള സഹകരണം തേടി പ്രാദേശിക കർഷകരുമായി ചർച്ചയും നടന്നു. കർഷകരുടെ സാമ്പത്തികഭദ്രത ഉറപ്പാക്കുക ഇതിന്റെ ലക്ഷ്യമാണ്. സാമൂഹികാരോഗ്യം, മണ്ണിന്റെ ആരോഗ്യം, പാരിസ്ഥിതിക ആരോഗ്യം, മാനുഷികാരോഗ്യം, സമൂഹത്തിന്റെ നിയമാധിഷ്ഠിത ആരോഗ്യം എന്നിവയും കോൺഫറൻസിൽ ചർച്ചയായി.
കുടുംബ ഡോക്ടർമാരുടെ സേവനം സജീവമാക്കാനും പഞ്ചായത്തുകളുമായി സഹകരിച്ച് കാന്തല്ലൂരിലും എറണാകുളത്തും മാതൃകാ കൃഷിയിടങ്ങൾ പ്രോത്‌സാഹിപ്പിക്കാനും കോൺഫറൻസ് തീരുമാനിച്ചു.
കോഴിക്കോട് മെഡിക്കൽ കോളേജ് മെഡിസിൻ വിഭാഗം മുൻ മേധാവി ഡോ. ശശിധരൻ, എസ്.എച്ച്.ഒ.എച്ച്.എം ചെയർമാൻ അഡ്വ. രാജേന്ദ്രൻ, ട്രഷറർ ജയഗോപാൽ, ഓർഗാനിക് കേരള ചെയർമാൻ ഫാ. പ്രശാന്ത്, കാക്കനാട് കോഓപ്പറേറ്റീവ് ആശുപത്രി പ്രതിനിധി എം.എം. അബ്ബാസ്, ഓർഗാനിക് കേരള ജനറൽ സെക്രട്ടറി നാസർ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി.