eldhose-kunnappilli
സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ പെരുമ്പാവൂരിൽ അഭയാർത്ഥി ദിനാചരണവും ഇതര സംസ്ഥാന തൊഴിലാളി സംഗമവും എൽദോസ് കുന്നപ്പള്ളി എം.എൽ.എ ഉദ്ഘാടനം ചെയ്യുന്നു.ദീപ ജോസ്,സിബി പൗലോസ്, ഫാ.പോൾ ചെറുപിള്ളി,ശോഭാ ജോസ്,ഫാ. കുരുവിള മരോട്ടിക്കൽ,കിഷോർ, സിസ്റ്റർ ആൻസി എന്നിവർ സമീപം.

പെരുമ്പാവൂർ: ഇതര സംസ്ഥാന തൊഴിലാളികളുടെ ക്ഷേമത്തിനായുള്ള പ്രവർത്തനങ്ങളിൽ സർക്കാരിനൊപ്പം സന്നദ്ധ സംഘടനകൾക്കും നിർണായക പങ്കുവഹിക്കാനാകുമെന്ന് എൽദോസ് കുന്നപ്പള്ളി എം.എൽ.എ.പറഞ്ഞു.എറണാകുളം-അങ്കമാലി അതിരൂപതാ സാമൂഹ്യ പ്രവർത്തന വിഭാഗമായ സഹൃദയ, കാരിത്താസ് ഇന്ത്യയുടെ സഹകരണത്തോടെ പെരുമ്പാവൂരിൽ സംഘടിപ്പിച്ച അഭയാർത്ഥി ദിനാഘോഷവും ഇതര സംസ്ഥാന തൊഴിലാളി സംഗമവും ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഇതര സംസ്ഥാന തൊഴിലാളികളുടെ ആരോഗ്യ, നിയമ പരിരക്ഷയ്ക്കും സാമ്പത്തിക ഭദ്രതയ്ക്കുമായി സഹൃദയ നടപ്പാക്കുന്ന പദ്ധതിയുടെ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.

വിമല സ്‌കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച യോഗത്തിൽ സഹൃദയ ഡയറക്ടർ ഫാ.പോൾ ചെറുപിള്ളി അധ്യക്ഷനായിരുന്നു. ഇതര സംസ്ഥാന തൊഴിലാളികളുടെ കുടുംബങ്ങളിലെ വിദ്യാർത്ഥികൾക്കുള്ള ഇൻഷ്വറൻസ് പദ്ധതിയുടെ ഉദ്ഘാടനം പെരുമ്പാവൂർ നഗരസഭാ ചെയർപേഴ്‌സൺ സതി ജയകൃഷ്ണൻ നിർവഹിച്ചു. കേരള എസ.എസ.എൽ.സി. പരീക്ഷയിൽഎല്ലാ വിഷയങ്ങൾക്കും എ പ്ലസ് ഗ്രേഡ് കരസ്ഥമാക്കിയ ഒറീസ സ്വദേശി സന്ദീപ് കിഷോറിനെ ഫാ. സെബാസ്റ്റ്യൻ വടക്കും പാടൻ ഉപഹാരം നൽകി ആദരിച്ചു.പെരുമ്പാവൂർ സർക്കിൾ ഇൻസ്പെക്ടർ പി.എ .ഫൈസൽ, ഫാ. കുരുവിള മരോട്ടിക്കൽ, കാരിത്താസ് ഇന്ത്യ സ്റ്റേറ്റ് ഓഫീസർ ശോഭാ ജോസ്, സിസ്റ്റർ ബോണി, പാപ്പച്ചൻ തെക്കേക്കര, സിബി പൗലോസ്, കെ,ജെ,ലാലച്ചൻ എന്നിവർ പ്രസംഗിച്ചു.