ആലുവ: തോട്ടക്കാട്ടുകര അക്കാട്ട് ലൈനിലെ അപ്പാർട്ട്‌മെന്റിൽ മരിച്ച നിലയിൽ കണ്ടെത്തിയ യുവാവിന്റേയും യുവതിയുടേയും മൃതദേഹം ഇന്ന് കളമശേരി മെഡിക്കൽ കോളേജിൽ പൊലീസ് സർജൻ പോസ്റ്റ്‌മോർട്ടം ചെയ്യും. സംഭവത്തിൽ ദുരൂഹത സംബന്ധിച്ച് ചുരുളഴിക്കുന്നതിനുള്ള ശ്രമത്തിലാണ് പൊലീസ്.
. പോസ്റ്റ്മാർട്ടം റിപ്പോർട്ട് ലഭിച്ച ശേഷം വിശദമായ അന്വേഷണത്തിലേക്ക് തിരിയാമെന്ന തീരുമാനത്തിലാണ് പൊലീസ്. പാലക്കാട് മൊടപ്പല്ലൂർ കുന്നുപറമ്പ് വീട്ടിൽ പരേതനായ രാജന്റെ മകൻ രമേശ് (32), തൃശൂർ സൗത്ത് കോട്ടായി തേക്കിൻകാട് കോളനി കൈലാസ് നിവാസ് സതീഷിന്റെ ഭാര്യ മോനിഷ (26) എന്നിവരുടെ മൃതദേഹമാണ് ശനിയാഴ്ച കണ്ടെത്തിയത്.
മൃതദേഹങ്ങൾക്ക് മൂന്ന് ദിവസത്തോളം പഴക്കമുണ്ടായിരുന്നു. ദുർഗന്ധം വമിച്ചതിനെ തുടർന്ന് അപ്പാർട്ട്‌മെന്റിലെ മറ്റ് താമസക്കാർ ഉടമയെ വിവരം അറിയിക്കുകയായിരുന്നു.
ഉടമയെത്തി വാതിൽ തുറന്ന് നോക്കിയപ്പോൾ ഒരാളുടെ മുകളിൽ മറ്റൊരാൾ വീണ നിലയിലാണ് മൃതദേഹങ്ങൾ കാണപ്പെട്ടത്. രമേശിന്റെ മുഖം ഭിത്തിയിലിടിച്ച് ഉരിഞ്ഞിറങ്ങിയ നിലയിലാണ്. കട്ടിലിനടിയിലേയ്ക്ക് കയറിയ നിലയിലാണ് മോനിഷയുടെ മൃതദേഹം കണ്ടത്. മൃതദേഹം കിടന്നത് അസ്വാഭാവികമായ രീതിയിലായതാണ് മരണത്തിൽ സംശയത്തിന് കാരണം. ഭിത്തിയിൽ രക്തപ്പൊടുകൾ കണ്ടെത്തിയതും സംശയം ജനിപ്പിക്കുന്നു.
ഐ.എം.എ ഡിജിറ്റൽ സ്റ്റുഡിയോയെന്ന പേരിൽ സ്റ്റുഡിയോ ജോലികൾക്കായാണ് ഇവർ വീടെടുത്തിരുന്നത്. മരിച്ചവരുടെ സുഹൃത്തുക്കൾ, ബന്ധുക്കൾ എന്നിവരിൽ നിന്നും പൊലീസ് മൊഴിയെടുത്തു. ശാസ്ത്രീയമായ തെളിവുകൾ ലഭിച്ചാൽ മാത്രമാണ് മരണ കാരണവും മറ്റും വെളിപ്പെടുത്താൻ കഴിയുകയുള്ളുവെന്ന് എസ്.ഐ. പറഞ്ഞു. പോസ്റ്റ്‌മോർട്ടത്തിന് ശേഷം മൃതദേഹം ബന്ധുക്കൾക്ക് വിട്ടു കൊടുക്കും.