കൊച്ചി: ഫ്ലാറ്റുകൾ സ്വയമൊഴിഞ്ഞു പോകാമെന്ന് ഉടമകൾ സമ്മതിച്ചതോടെ വലിയ കടമ്പ മറികടന്നതിന്റെ ആശ്വാസത്തിലാണ് സർക്കാർ. എന്നാൽ വെല്ലുവിളികൾ അവസാനിക്കുന്നില്ല. പത്തിലേറെ നിലകളിലായി ഉയർന്ന് നിൽക്കുന്ന കൂറ്റൻ കെട്ടിടങ്ങൾ പൊളിച്ചുമാറ്റുകയെന്നതാണ് ഇനി മുന്നിലുള്ള പ്രതിസന്ധി. നിയന്ത്രിത സ്ഫോടനത്തിലൂടെ കെട്ടിടം പൊളിച്ചുമാറ്റുമ്പോൾ ഉണ്ടാകുന്ന പ്രത്യാഘാതങ്ങൾ. കൂടാതെ പരിസരത്ത് താമസിക്കുന്നവരുടെ സുരക്ഷയും ഉറപ്പുവരുത്തേണ്ടതുണ്ട്. ഫ്ലാറ്റുകൾ പൊളിച്ചുമാറ്റാൻ
താൽപര്യപത്രം നൽകിയതിൽ ആറ് ഏജൻസികളെയാണ് നിലവിൽ ചുരുക്കപ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇവർ കൊടുത്തിരിക്കുന്ന ടെൻഡർ പരിശോധിച്ചാണ് ഏജൻസിയെ തിരഞ്ഞെടുക്കുക. ഒന്നിലേറെ ഏജൻസികളെ തിരഞ്ഞെടുക്കാനും സാദ്ധ്യതയുണ്ട്.
അതേസമയം, സ്ഥലം മാറ്റപ്പെട്ട മുൻ നഗരസഭ സെക്രട്ടറി മുഹമ്മദ് എം.ആരിഫ് ഖാന് മരടിൽ തന്നെ തിരികെ ചുമതല നൽകി. ഇന്ന് ചുമതലയേൽക്കുന്ന സെക്രട്ടറി നഗരസഭയുടെ ദൈനംദിന ഭരണനിർവ്വഹണ ചുമതലയാണ് നിറവേറ്റുക. ഫോർട്ടുകൊച്ചി സബ്കളക്ടർ സ്നേഹിൽ കുമാർ സിംഗിന് ഫ്ലാറ്റുകൾ പൊളിച്ചുമാറ്റുന്നതിന്റെ ചുമതലയാണ് ഉള്ളത്.
ആദ്യം നിരാഹാരം
പിന്നെ സമാധാനം
ഞായറാഴ്ച മരടിൽ ഒഴിപ്പിക്കൽ നടപടി ആരംഭിക്കുമെന്ന് അറിഞ്ഞതിനാൽ രാവിലെ തന്നെ ഉടമകൾ ഒത്തുകൂടിയിരുന്നു. പുതിയ ആവശ്യങ്ങളുന്നയിച്ച് ഫ്ലാറ്റുടമകളിലൊരാളായ ജയകുമാർ വള്ളിക്കാവ് നിരാഹാരസമരം ആരംഭിച്ചു. കളക്ടറേറ്റിൽ നിന്നെത്തിയ റവന്യൂ ഉദ്യോഗസ്ഥർ മരട് നഗരസഭ ഓഫീസിലെത്തി സബ് കളക്ടറുമായി ചർച്ച ചെയ്തു. പിന്നീട് ഇവർ സംഘങ്ങളായി തിരിഞ്ഞ് ഓരോ ഫ്ലാറ്റിലേക്കും തിരിച്ചു. കണയന്നൂർ തഹസിൽദാർ ബീനയുടെ നേതൃത്വത്തിലായിരുന്നു പ്രവർത്തനം. സുപ്രീംകോടതി വിധിയും നഷ്ടപരിഹാരവും ഒഴിയുന്ന കാര്യങ്ങളും ഉടമകളെ ബോദ്ധ്യപ്പെടുത്തി. പേര് വിവരങ്ങൾ, ബാങ്ക് അക്കൗണ്ട്, അംഗങ്ങളുടെ എണ്ണം മുതലായവ രേഖപ്പെടുത്തി നൽകാനുള്ള പ്രത്യേക അപേക്ഷാഫോമും ഓരോ താമസക്കാർക്കും നൽകി. ഇതിനിടെ എറണാകുളം ഗസ്റ്റ് ഹൗസിൽ ജില്ലാകളക്ടർ എസ്. സുഹാസും ഫ്ലാറ്റുടമ പ്രതിനിധികളുമായി ചർച്ച നടത്തി. ഉടമകൾ മുന്നോട്ടുവച്ച ആവശ്യങ്ങളിൽ പലതും അനുഭാവ പൂർവ്വം പരിഗണിച്ചതിനാൽ കാര്യങ്ങൾ സമാധാനത്തിലേക്ക് നീങ്ങി. വൈകിട്ടോടെ നിരാഹാര സമരം അവസാനിപ്പിക്കുകയും ഒഴിഞ്ഞുപോകാൻ ഉടമകൾ തയ്യാറാവുകയും ചെയ്തു.
തച്ചങ്കരി എത്തി
അന്വേഷണത്തിന്റെ ഭാഗമായി വൈകിട്ട് ക്രൈംബ്രാഞ്ച് എ.ഡി.ജി.പി ടോമിൻ തച്ചങ്കരിയും ഉദ്യോഗസ്ഥരും ഫ്ലാറ്റിലെത്തി വിവരങ്ങൾ ആരാഞ്ഞു. കുറ്റക്കാരായ ഉദ്യോഗസ്ഥരെ വെറുതെ വിടില്ലെന്നും പഴുതുകളടച്ച അന്വേഷണമാണ് ഡി.വൈ.എസ്.പിയുടെ നേതൃത്വത്തിൽ നടക്കുകയെന്നും തച്ചങ്കരി ഉറപ്പുനൽകി.
ഹോളി ഫെയ്ത്ത് എച്ച്.ടു.ഒ
സ്ഥലം : കുണ്ടന്നൂർ പാലത്തിന് സമീപം
നിർമ്മാതാക്കൾ : ഹോളി ഫെയ്ത്ത് ബിൽഡേഴ്‌സ്
നിലകൾ : 16
ഫ്‌ളാറ്റുകൾ : 90
താമസക്കാർ : 47
ഗോൾഡൻ കായലോരം
സ്ഥലം : കണ്ണാടിക്കടവ്
നിർമ്മാതാക്കൾ : കെ.പി. വർഗീസ് ബിൽഡേഴ്‌സ്
നിലകൾ : 16
ഫ്‌ളാറ്റുകൾ : 40
താമസക്കാർ : 40
ജെയിൻ കോറൽ കോവ്
സ്ഥലം : നെട്ടൂർ മാർക്കറ്റിന് സമീപം
നിർമ്മാതാക്കൾ : ജെയിൻ ഹൗസിംഗ് ലിമിറ്റഡ്
നിലകൾ : 16
ഫ്‌ളാറ്റുകൾ : 125
താമസക്കാർ : 20
ആൽഫ സെറീൻ
സ്ഥലം : നെട്ടൂർ
നിർമ്മാതാക്കൾ : ആൽഫ വെഞ്ച്വേഴ്‌സ്
നിലകൾ: 16
ഫ്‌ളാറ്റുകൾ : 73
താമസക്കാർ : 52