malinayam
മൂവാറ്റുപുഴ സിവിൽ സ്റ്റേഷൻ പരിസരത്തെ മാലിന്യ കൂമ്പാരത്തിൽ മുട്ടുകുത്തിനിന്ന് സമരനടത്തുന്ന എം.ജെ.ഷാജി

മൂവാറ്റുപുഴ: സിവിൽ സ്‌റ്റേഷനിലെയും പരിസരത്തെ റോഡിലെയും മാലിന്യം നീക്കംചെയ്യണമെന്നാവശ്യപ്പെട്ട് സാമൂഹിക, പരിസ്ഥിതി പ്രവർത്തകൻ ഒറ്റയാൾ എം.ജെ. ഷാജി മാലിന്യകൂമ്പാരത്തിൽ മുട്ടുകുത്തി നിന്ന് നടത്തിയ പ്രതിഷേധ സമരം ആർഡിഒ ഇടപെട്ടതിനെ തുടർന്ന് നിർത്തി. പ്രശ്‌നത്തിൽ അടിയന്തിര നടപടി സ്വീകരിക്കുമെന്ന് ആർഡിഒ അറിയിച്ചതോടെയാണ് സമരം നിർത്തിയത്. ആർമി ഹോസ്പിറ്റൽ, ഇ എസ് ഐ ആശുപത്രി, ആർഡിഒ കോടതി ഉൾപ്പെടെ നിരവധി സർക്കാർ ഓഫീസുകൾ സ്ഥിതിചെയ്യുന്ന മിനി സിവിൽ സ്റ്റേഷൻ പരിസരത്തും സമീപ റോഡിലും മാലിന്യങ്ങൾ നിക്ഷേപിക്കുന്നതിനെതിരെ ആർഡിഒ, വികസനസമിതി, ജനപ്രതിനിധികൾ, ഉദ്യോഗസ്ഥർ എന്നിവർക്ക് പരാതി നൽകിയിട്ടും പരിഹാരമായില്ല . ഇതേ തുടർന്നാണ് ഓട്ടോ തൊഴിലാളികൂടിയായ എം.ജെ. ഷാജി സമരം നടത്തിയത് . സിവിൽ സ്റ്റേഷൻ കോമ്പൗണ്ടിൽ ശൗചാലയം കാണാമറയത്താക്കി മാലിന്യങ്ങൾ കൂട്ടിയിട്ട് കത്തിക്കുന്നത് വലിയ ആരോഗ്യപ്രശ്‌നങ്ങൾക്ക് കാരണമായിരുന്നു. സമീപ റോഡിൽ മാലിന്യ നിക്ഷേപം കുന്നുകൂടി കിടക്കുന്നതിനാൽ തെരുവുനായ്ക്കളുടെ ശല്യം രൂക്ഷമാണ്. റോഡിലെ മാലിന്യകൂമ്പാരത്തിലായിരുന്ന സമരം. ഉച്ചയോടെ സിവിൽ സ്‌റ്റേഷനിലേക്ക് മാറ്റുകയായിരുന്നു. സമരവിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വൈ.അൻസാരി ആർഡിഒ യുമായി പ്രശ്നംചർച്ചചെയ്തു . . സമരത്തിന് ബിജു പൈലി, നിസാർ കെ.എച്ച്, മോഹനൻ, ബിജി പ്രഭാകരൻ, അഷ്‌ക്.കെ.എ, സുജി.പി.എം, അമീർ. കെ.എം എന്നിവരുടെ നേതൃത്വത്തിൽ നാട്ടുകാരും പിന്തുണ നൽകി.