road
തോട്ടയ്ക്കാട്ടുകര-കടുങ്ങല്ലൂർ റോഡിലെ ഗതാഗതക്കുരുക്ക്

ആലുവ: റോഡ് വികസനം മുടങ്ങിയ തോട്ടക്കാട്ടുകര-കടുങ്ങല്ലൂർ റോഡിൽ യാത്രക്കാരുടെ ദുരിതയാത്രക്ക് അവസാനമില്ല. ഇടുങ്ങിയ റോഡിലൂടെ സഞ്ചരിക്കുന്നവർ മണിക്കൂറുകളോളം റോഡിൽ കുടുങ്ങുന്ന അവസ്ഥയാണ്. വർഷങ്ങളായി തുടരുന്ന ദുരിതയാത്ര അവസാനിപ്പിക്കാൻ മുൻ സർക്കാരിന്റെ കാലത്ത് ഫലപ്രദമായ നടപടികൾ സ്വീകരിച്ചതാണെങ്കിലും റോഡിന് ഇരുവശവും താമസിക്കുന്നവർ വ്യത്യസ്ഥ നിലപാടുകൾ സ്വീകരിച്ചതോടെ എല്ലാം താളം തെറ്റുകയായിരുന്നു.

റോഡുവികസനം നടപ്പാക്കാൻ അധികൃതർ തയാറാകാത്തതാണ് പ്രതിസന്ധിക്ക് കാരണമെന്നാണ് മറ്റൊരു വിഭാഗം ആരോപിക്കുന്നത്. പരസ്പരം ആരോപണം ഉന്നയിക്കുമ്പോൾ യഥാർത്ഥ്യത്തിൽ വികസനം അകലെയാകുകയാണ്. ദിവസേന വാഹനങ്ങളുടെ എണ്ണം കൂടുന്നതോടെ കുരുക്കിന്റെ ദൈർഘ്യവും വർദ്ധിക്കുന്നു. യാത്രക്കാരെ വലക്കുന്ന ഗതാഗത സംവിധാനത്തിനെതിരെ ജനരോഷം ശക്തമാണ്. ആലങ്ങാട്, മുപ്പത്തടം, എടയാർ ഭാഗങ്ങളിലുള്ളവർക്ക് എളുപ്പത്തിൽ ആലുവയിലേക്ക് എത്തുന്നതിനുള്ള മാർഗമാണ് ഈ റോഡ്. ദേശീയപാതയിൽ നിന്ന് എടയാർ അടക്കമുള്ള വ്യവസായ മേഖലകളിലേക്കും സമീപ ഗ്രാമങ്ങളിലേക്കും ഈ വഴിയാണ് ആശ്രയിക്കുന്നത്. ഇതുമൂലം നൂറുകണക്കിന് വാഹനങ്ങളാണ് മണിക്കൂറിൽ ഇതിലേ കടുന്നുപോകുന്നത്. എന്നാൽ റോഡ് സൗകര്യത്തിന് ഇതുവരെ മാറ്റമൊന്നും വരുത്തിയിട്ടില്ല.

#നടത്തിയ വികസനവും അവതാളത്തിൽ

ഏഴുമീറ്റർ വീതിയിൽ നിർമിച്ച റോഡ് ദേശീയപാത നിലവാരത്തിൽ ടാറിംഗ് നടത്തിയെന്നത് മാത്രമാണ് ആകെ നടന്ന വികസനം. റോഡിനോട് ചേർന്നാണ് മതിലുകൾ ഉള്ളത്. അതിനാൽ തന്നെ നേർക്കുനേരെ വാഹനങ്ങൾ വരുമ്പോൾ പല ഭാഗത്തും സൈഡ് കൊടുക്കാൻ പോലും പറ്റുന്നില്ല.

# 7 മീറ്റർ വീതിയുള്ള റോഡ്

15 മീറ്ററാക്കണം

# മൂന്നുവർഷം കഴിഞ്ഞിട്ടും നടപടിയില്ല

റോഡിന്റെ വീതി കൂട്ടിയാൽ നിരവധി കെട്ടിടങ്ങൾ പൊളിച്ചു മാറ്റേണ്ടിവരും. അതിനാൽ, 11.25 മീറ്ററിൽ നിർമാണം നടത്താമെന്ന് മൂന്നുവർഷം മുമ്പ് ധാരണയായതിനെ തുടർന്ന് പൊതുമരാമത്ത് വകുപ്പിന്റെയും സർവേയും പൂർത്തിയായിരുന്നു. എന്നാൽ, തുടർപ്രവർത്തനങ്ങൾ മന്ദഗതിയിലായി.