കൊച്ചി: എറണാകുളം ഉപതിരഞ്ഞെടുപ്പിൽ ചിത്രം തെളിഞ്ഞു. ബി.ജെ.പി സ്ഥാർനാത്ഥിയായി മണ്ഡലം പ്രസിഡന്റ് സി.ജി. രാജഗോപാലിനെ ഇന്നലെ പ്രഖ്യാപിച്ചതോടെ മൂന്ന് മുന്നണികളും കളത്തിലിറങ്ങി. യു.ഡി.എഫ് കൺവെൻഷൻ ഇന്നലെ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ഉദ്‌ഘാടനം ചെയ്‌തതോടെ സ്ഥാനാർത്ഥി നിർണയത്തിലെ വൈകലിലൂടെ നേരിട്ട തിരിച്ചടി മറികടന്ന് പ്രചാരണത്തിൽ മുന്നേറാനുള്ള ശ്രമമാണ്. ഇടതു മുന്നണിയുടെ കൺവെൻഷൻ ഇന്ന് നടക്കും. ഇടതു സ്ഥാനാർത്ഥി മണ്ഡലത്തിന്റെ ഭൂരിഭാഗം സ്ഥലങ്ങളും സന്ദർശിച്ചു കഴിഞ്ഞു.
2011 ലെ നിയമസഭ തിരഞ്ഞെടുപ്പിൽ സി.ജി. രാജഗോപാലെന്ന മുത്തു ബി.ജെ.പി സ്ഥാനാർത്ഥിയായിരുന്നു. നഗരത്തിലെ പൊതുപരിപാടികളിൽ നിറസാന്നിദ്ധ്യമായ രാജഗോപാലിലൂടെ മികച്ച പ്രകടനം നട‌ത്താൻ കഴിയുമെന്നാണ് ബി.ജെ.,പിയുടെ പ്രതീക്ഷ. നാമനിർദ്ദേശപത്രിക സമർപ്പിക്കാനുള്ള സമയം ഇന്ന് മൂന്നു മണിക്ക് അവസാനിക്കും. ഇതുവരെ ആരും പത്രിക സമർപ്പിച്ചിട്ടില്ല. മൂന്ന് മുന്നണി സ്ഥാനാർത്ഥികൾ മാത്രമാണോ മത്സരരംഗത്തുണ്ടാകുകയെന്ന ആകാംഷയാണ് ഇപ്പോഴുള്ളത്. യു.ഡി.എഫും എൽ.ഡി.എഫും ലത്തിൻ സമുദായത്തിൽ നിന്നുള്ള സ്ഥാനാർത്ഥികളെയാണ് കളത്തിലിറക്കിയിരിക്കുന്നത്. ഇതോടെ ഹിന്ദു വോട്ടുകൾ പെട്ടിയിലാക്കാമെന്നാണ് ബി.ജെ.പിയുടെ പ്രതീക്ഷ. ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് കൺവെൻഷനും അടുത്ത ദിവസം നടക്കും.