പിറവം: ഹൈക്കോടതി അനുമതിയോടെ ഓർത്തഡോക്സ് വിഭാഗം പിറവം പള്ളിയിൽ പ്രാർത്ഥന നടത്തിയപ്പോൾ വേദന ഉള്ളിലൊതുക്കി യാക്കോബായ വിശ്വാസികൾ കുരിശുപള്ളിക്കു മുമ്പിൽ നടുറോഡിൽ പ്രാർത്ഥന നടത്തി പ്രതിഷേധിച്ചു. രാവിലെ തന്നെ ഒട്ടേറെ വിശ്വാസികൾ പ്രാർത്ഥനയ്ക്കായി എത്തി തുടങ്ങിയിരുന്നു.

പൂർവപിതാക്കൻമാർ പടുത്തുയർത്തിയ പള്ളിയിൽ നിന്ന് ഇറങ്ങി പോരേണ്ടി വന്നതിന്റെ സങ്കടം മുഴുവൻ ഉള്ളിലൊതുക്കിയായിരുന്നു ഇന്നലെ യാക്കോബായ വിശ്വാസികൾ എത്തിയത്. എട്ട് മണിയായപ്പോഴേക്കും വിശ്വാസികളെ കൊണ്ട് റോഡ് നിറഞ്ഞിരുന്നു. പിറവം പള്ളി ഇടവക കുടുംബങ്ങളിൽ 90 ശതമാനം പേരും യാക്കോബായ വിശ്വാസികളാണ്. എല്ലാവയുടേയും മുഖം ആത്മരോഷം കൊണ്ട് നിറഞ്ഞിരുന്നു.

നിലവിൽ ഓർത്തഡോക്സ് വിഭാഗത്തിന് പാർക്കിനോട് ചേർന്ന് പള്ളിയുണ്ട് .എന്നാൽ യാക്കോബായ വിഭാഗത്തിനില്ല. അവർക്ക് പ്രാർത്ഥന നടത്തണമെങ്കിൽ പുതിയ പള്ളി പണിയണം .പക്ഷേ അതിന് ഇനിയും ഒത്തിരി കടമ്പകൾ കടക്കണം.

2600 ഓളം വരുന്ന കുടുംബങ്ങൾ എവിടെ പോയി ആരാധന നടത്തും എന്നത് വലിയൊരു ചോദ്യചിഹ്നമായി മാറി.

നിത്യേന ഒട്ടനവധി വഴിപാടുകളും പെരുന്നാളുകളും നേർച്ചകളും ആയി കഴിഞ്ഞിരുന്ന വലിയൊരു വിഭാഗത്തിനാണ് പള്ളി വിട്ടു കൊടുക്കേണ്ടി വന്നിരിക്കുന്നത്.