കൊച്ചി : പൊതുമരാമത്ത് സെക്രട്ടറിയായിരുന്ന ടി.ഒ. സൂരജ് പാലാരിവട്ടം ഫ്ളൈ ഓവർ നിർമ്മാണത്തിന് സ്വകാര്യ കമ്പനിക്ക് അഡ്വാൻസ് നൽകിയ ശേഷം 3.30 കോടി രൂപ ചെലവിട്ട് ഇടപ്പള്ളി സൗത്ത് വില്ലേജിൽ 16.5 സെന്റ് സ്ഥലവും റെസിഡൻഷ്യൽ കോംപ്ളസും വാങ്ങിയെന്ന് വിജിലൻസ് സംഘം ഹൈക്കോടതിയിൽ ബോധിപ്പിച്ചു.
2014 ജൂലായ് 22 നാണ് ആർ.ഡി.എസ് കമ്പനിക്ക് അഡ്വാൻസ് നൽകിയത്. 2014 ഒക്ടോബർ ഒന്നിന് മകൻ റിസ്വാൻ സൂരജിന്റെ പേരിൽ ഭൂമി വാങ്ങി. ആധാരത്തിൽ 1.04 കോടി രൂപയാണെങ്കിലും അന്വേഷണത്തിൽ 3.30 കോടി രൂപ നൽകിയെന്ന് കണ്ടെത്തി. മകനെ ബിനാമിയാക്കി താനാണ് ഭൂമി വാങ്ങിയതെന്നും രണ്ടു കോടി രൂപ കള്ളപ്പണമാണെന്നും ചോദ്യം ചെയ്യലിൽ സൂരജ് സമ്മതിച്ചതായും വിജിലൻസ് ഡിവൈ.എസ്.പി ആർ. അശോക് കുമാർ ഹൈക്കോടതിയിൽ നൽകിയ അഡിഷണൽ സ്റ്റേറ്റ്മെന്റിൽ പറയുന്നു.
2012 മുതൽ 2014 വരെ പൊതുമരാമത്ത് സെക്രട്ടറിയായിരിക്കെ സൂരജ് വരവിൽ കവിഞ്ഞ് സ്വത്ത് സമ്പാദിച്ചെന്നും സ്റ്റേറ്റ്മെന്റിലുണ്ട്. ടി.ഒ. സൂരജ് നൽകിയ ജാമ്യാപേക്ഷയിലാണ് വിജിലൻസ് അഡി. സ്റ്റേറ്റ്മെന്റ് നൽകിയത്. കമ്പനിയുടെ എം.ഡി സുമിത് ഗോയൽ, എം.ടി. തങ്കച്ചൻ, ബെന്നി പോൾ, ടി.ഒ. സൂരജ് എന്നിവർ നൽകിയ ജാമ്യാപേക്ഷകളിൽ ഇന്നും വാദം തുടരും.
8.25 കോടി രൂപ ഏഴ് ശതമാനം പലിശ ഈടാക്കി മുൻകൂർ നൽകാൻ സൂരജ് ഏകപക്ഷീയമായി തീരുമാനിച്ചെന്നും അഴിമതിയിൽ സൂരജിനുള്ള പങ്ക് വ്യക്തമാണെന്നും വിജിലൻസ് വ്യക്തമാക്കുന്നു. സെക്രട്ടറിയേറ്റിലെ ഏതെങ്കിലും തലത്തിലുള്ള ഉദ്യോഗസ്ഥർ ഫയലിൽ കുറിപ്പെഴുതുകയോ ഫയൽ നീക്കുകയോ ചെയ്തിട്ടില്ല. സ്വകാര്യ കമ്പനി പൊതുമേഖലാ ബാങ്കുകളെ ഈ തുകയ്ക്കു വേണ്ടി സമീപിച്ചാൽ 14 - 18 ശതമാനം പലിശ ഈടാക്കും. ഏഴു ശതമാനം പലിശയിലൂടെ ഖജനാവിന് പ്രതിവർഷം 57 ലക്ഷം രൂപയുടെ നഷ്ടമുണ്ടായി.
ഇബ്രാഹിംകുഞ്ഞിന്റെ പങ്ക്
അന്വേഷിക്കാൻ സമയം വേണം
ഫ്ളൈഓവർ അഴിമതിക്കേസിൽ മുൻമന്ത്രി വി.കെ. ഇബ്രാഹിം കുഞ്ഞിന്റെ പങ്ക് അന്വേഷിച്ചു വരുന്നെന്നും സത്യം പുറത്തു കൊണ്ടുവരാൻ മതിയായ സമയം വേണമെന്നും വിജിലൻസ് വ്യക്തമാക്കി.
ഇബ്രാഹിം കുഞ്ഞിന് അഴിമതിയിൽ പങ്കുണ്ടെന്ന് റിമാൻഡ് കാലാവധി നീട്ടാൻ കോടതിയിൽ കൊണ്ടുവന്നപ്പോൾ സൂരജ് മാദ്ധ്യമങ്ങളോടു പറഞ്ഞിരുന്നു. തുടർന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയുടെ അനുമതിയോടെ സെപ്തം. 25 ന് സൂരജിനെ ചോദ്യം ചെയ്തു. മുൻകൂർ പണം നൽകിയതിൽ ഇബ്രാഹിംകുഞ്ഞിനുള്ള പങ്കും ഗൂഢലക്ഷ്യവും സൂരജ് വെളിപ്പെടുത്തിയെന്നും സ്റ്റേറ്റ്മെന്റിൽ പറയുന്നു.