കോലഞ്ചേരി: ടൗണിൽ റോഡ് മുറിച്ചു കടക്കാൻ സർക്കസുകാരന്റെ മെയ് വഴക്കം വേണം.ദേശീയ പാത കുറുകെ കടക്കാൻ യാത്രക്കാരെ സഹായിച്ചിരുന്ന സീബ്ര ലൈനുകൾ അപ്രത്യക്ഷമായി. തിരക്കേറിയ കൊച്ചി ധനുഷ്കോടി ദേശീയ പാത കടന്നു പോകുന്ന കോലഞ്ചേരിയിൽ കുറച്ചൊന്നുമല്ല യാത്രക്കാർവലയുന്നത്. ഹയർ സെക്കൻഡറി സ്കൂൾ ജംഗ്ഷൻ, സെന്റ് പീറ്റേഴ്സ് കോളേജിനു മുൻ വശം, മെഡിക്കൽ കോളേജ് ജംഗ്ഷൻ എന്നിവടങ്ങളിലാണ് റോഡു മുറിച്ചു കടക്കാൻ സീബ്ര ലൈനുകൾ ഉണ്ടായിരുന്നത്. പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ നിന്നും വരുന്ന യാത്രക്കാരും, സെന്റ് പീറ്റേഴ്സ് കോളേജിനു മുന്നിൽ നിന്ന് കെ.എസ്.ഇ.ബി ഓഫീസിലേയ്ക്ക് പോകേണ്ടവരും, മുവാറ്റുപുഴ ഭാഗത്തു നിന്നുമെത്തി മെഡിക്കൽ കോളേജിലേയ്ക്ക് പോകേണ്ടവരും ഈ മൂന്നു സീബ്ര ലൈനുകളെയാണ് പ്രധാനമായും ആശ്രയിച്ചിരുന്നത്. നിലവിൽ വരകൾ മാഞ്ഞതോടെ റോഡു മുറിച്ചു കടക്കുന്നവരോട് ഒരു കരുണ പോലും കാണിക്കാതെയാണ് വാഹനങ്ങൾ ചീറി പായുന്നത് , അതിനിടയിൽ ഓടിയോ, ചാടിയോ റോഡിനപ്പുറം കടക്കുന്നതിനാണ് യാത്രക്കാരുടെ ശ്രമം. പലപ്പോഴും തല നാരിഴയ്ക്കാണ് അപകടങ്ങളിൽ നിന്നും രക്ഷപ്പെടുന്നത്. അഞ്ച് വർഷം മുമ്പാണ് ഇവിടെ റോഡിൽ സീബ്ര ലൈനുകൾ ഇട്ടിരുന്നത്.
സീബ്ര ലൈൻ മുറിച്ചു കടക്കാൻ ഒരാൾ ശ്രമിച്ചാൽ വാഹനങ്ങൾ വരയുടെ അപ്പുറം നിർത്തി കാൽനടയാത്രക്കാരൻ കടന്നു പോയതിനു ശേഷം മാത്രം വാഹനം പോകാൻ പാടുള്ളൂവെന്നാണ് നിയമം. ഇത് ലംഘിക്കുന്നത് ട്രാഫിക്ക് നിയമങ്ങളനുസരിച്ച് 500 രൂപ വരെ പിഴ ഈടാക്കാവുന്ന കുറ്റമാണ്