കൊച്ചി: ഗാന്ധിജയന്തി വാരം ജില്ലയിൽ വിപുലമായ പരിപാടികളോടെ ആഘോഷിക്കും. ശുചീകരണം, ഫോട്ടോപ്രദർശനം, രേഖാചിത്രരചനാ മത്സരം, സാഹിത്യമത്സരങ്ങൾ, പ്രശ്നോത്തരി, മെഡിക്കൽ ക്യാമ്പ്, സെമിനാർ, പുസ്തകശേഖരണം തുടങ്ങിയ പരിപാടികളാണ് വാരാചരണവുമായി ബന്ധപ്പെട്ട് സംഘടിപ്പിച്ചിരിക്കുന്നത്.
ശുചീകരണ പ്രവർത്തനങ്ങളുടെ ജില്ലാതല ഉദ്ഘാടനം നാളെ രാവിലെ 9 ന് കാക്കനാട് സിവിൽ സ്‌റ്റേഷനിൽ ജില്ലാ കളക്ടർ എസ്. സുഹാസ് നിർവഹിക്കും. അഡിഷണൽ ജില്ലാ മജിസ്ട്രേറ്റ് കെ.ചന്ദ്രശേഖരൻ നായർ അദ്ധ്യക്ഷത വഹിക്കും. ഉച്ചയ്ക്ക് 1.30ന് തിരുവാങ്കുളത്ത് തൃപ്പൂണിത്തുറ നഗരസഭ മേഖലാ ഓഫീസ് ഹാളിൽ ചേരുന്ന ഗാന്ധി അനുസ്മരണ സമ്മേളനം അൻവർ സാദത്ത് എം.എൽ.എ ഉദ്ഘാടനം ചെയ്യും. മനുഷ്യാവകാശ കമ്മിഷനംഗം കെ. മോഹനദാസ് മുഖ്യപ്രഭാഷണം നടത്തും. ഗാന്ധിയുടെ 150-ാമത് ജന്മവാർഷികാചരണത്തെ സൂചിപ്പിച്ച് വൈകിട്ട് 7 ന് മേഖലാ ഓഫീസ് വളപ്പിൽ150 ചെരാതുകളുടെ ദീപക്കാഴ്ച്ച ഒരുക്കും.