കൊച്ചി:അഭിമന്യു വധക്കേസിലെ മുഖ്യതെളിവായ സി.സി.ടി.വി ദൃശ്യങ്ങളുടെ ഡിജിറ്റൽ പകർപ്പ് കേസിലെ രണ്ടാം പ്രതി ജിസാൽ റസാഖിന് നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചു.നീതികരിക്കാൻ കഴിയാത്തതും പ്രായോഗികമല്ലാത്തതുമായ സാഹചര്യങ്ങളില്ലെങ്കിൽ ഇത്തരം തെളിവുകൾ പ്രതിഭാഗത്തിന് കൈമാറാൻ കഴിയുമെന്നും ഹൈക്കോടതി വ്യക്തമാക്കി. സി.സി.ടി.വി ദൃശ്യങ്ങളുടെ പകർപ്പും ഇവയുടെ ഫോറൻസിക് പരിശോധനാ റിപ്പോർട്ടിന്റെ പകർപ്പും ആവശ്യപ്പെട്ട് ഹർജിക്കാരൻ നേരത്തെ മജിസ്ട്രേട്ട് കോടതിയിൽ നൽകിയ ഹർജിയിൽ ഫോറൻസിക് പരിശോധനയുടെ റിപ്പോർട്ട് നൽകാൻ നിർദ്ദേശിച്ചിരുന്നു. എന്നാൽ ദൃശ്യങ്ങളുടെ പകർപ്പ് ആവശ്യപ്പെട്ട് ജിസാൽ ഹൈക്കോടതിയെ സമീപിക്കുകയായിരുന്നു.
2018 ജൂലായ് രണ്ടിനാണ് മഹാരാജാസ് കോളേജിലെ വിദ്യാർത്ഥിയായിരുന്ന എസ്.എഫ്.ഐ നേതാവ് അഭിമന്യുവിനെ കാമ്പസ് ഫ്രണ്ട് പ്രവർത്തകർ കുത്തിക്കൊലപ്പെടുത്തിയത്. നവാഗതരെ സ്വാഗതം ചെയ്യാനുള്ള ചുവരെഴുത്തിന്റെ പേരിൽ ഉണ്ടായ തർക്കത്തെ തുടർന്ന് അഭിമന്യുവിനെ കൊലപ്പെടുത്തിയെന്നാണ് കേസ്. സംഭവ സമയത്ത് താൻ അവിടെയുണ്ടായിരുന്നില്ലെന്നും സാക്ഷിമൊഴികളെത്തുടർന്ന് പ്രതിയാക്കിയതാണെന്നും ആരോപിച്ച ജിസാൽ റസാഖ് ഇതു തെളിയിക്കാനാണ് സി.സി.ടി.വി ദൃശ്യങ്ങൾ ആവശ്യപ്പെട്ടത്. ദൃശ്യങ്ങൾ തൊണ്ടിമുതലാണെന്നും ഇതു നൽകാനാവില്ലെന്നും പ്രോസിക്യൂഷൻ വാദിച്ചു.
ഹൈക്കോടതി
പറഞ്ഞത്
കമ്പ്യൂട്ടറും അനുബന്ധ ഉപകരണങ്ങളും മാത്രമല്ല, നവ സമൂഹ മാദ്ധ്യമങ്ങളും പ്രതികളെ കണ്ടെത്താനും കുറ്റം തെളിയിക്കാനും സഹായിക്കുന്നുണ്ട്. ദൃശ്യങ്ങൾ തെളിവായി ഹാജരാക്കുമ്പോൾ പ്രതികൾക്ക് ഇതിനെ എതിർത്ത് തങ്ങളുടെ ഭാഗം വിശദീകരിക്കാൻ അവസരം നൽകണം. സി.സി.ടി.വി ദൃശ്യങ്ങൾ തൊണ്ടി മുതലാണെന്ന വാദം അംഗീകരിക്കാനാവില്ല. രേഖാപരമായ തെളിവുകളാണിവ. നീതികരിക്കാൻ കഴിയാത്തതും പ്രായോഗികമല്ലാത്തതുമായ സാഹചര്യങ്ങളുണ്ടെങ്കിൽ പകർപ്പ് പ്രതിക്ക് നൽകേണ്ടതില്ല. ലൈംഗിക പീഡനക്കേസുകളിലും തീവ്രവാദക്കേസുകളിലും ദൃശ്യങ്ങളുടെ പകർപ്പ് നൽകാനാവാത്തത് ഇത്തരം സാഹചര്യം മൂലമാണ്.