 പൊളിക്കുന്നത് എന്ന് ?

 മാറേണ്ടത് എങ്ങോട്ട്?

കൊച്ചി: മരടിലെ ഫ്ലാറ്റുകൾ ഒഴിയാമെന്ന് ഉടമകൾ സമ്മതിച്ചതോടെ ആശ്വാസിച്ച സർക്കാരിന് കാര്യങ്ങൾ വിചാരിച്ചത്ര എളുപ്പമാകില്ല. ഉടമകളെ മാറ്റി താമസിപ്പിക്കുന്നത് മുതൽ പൊളിക്കുന്നത് വരെയുള്ള കാര്യങ്ങളിലെ ആശയക്കുഴപ്പം തുടരുകയാണ്.

9ന് തന്നെ ഫ്ലാറ്റ് പൊളിക്കാനായി കരാർ ഒപ്പിടുമെന്നും 11ന് പൊളിച്ചു തുടങ്ങുമെന്നുമാണ് സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗ് വ്യക്തമാക്കിയത്. ക്രെയിൻ ഉപയോഗിച്ച് പൊളിച്ചാൽ കാലതാമസം വരുമെന്നതിനാൽ നിയന്ത്രിത സ്ഫോടനമായിരിക്കും നടത്തുകയെന്നും പറഞ്ഞു. എന്നാൽ ഇക്കാര്യത്തിൽ തീരുമാനമൊന്നുമായില്ലെന്നാണ് മരട് നഗരസഭ ചെയർപേഴ്സൺ ടി. എച്ച് നദീറ പറഞ്ഞത്. എന്ന് പൊളിച്ചു തുടങ്ങുമെന്നോ ഏത് രീതിയിൽ പൊളിക്കുമെന്നോ നിശ്ചയിച്ചിട്ടില്ലത്രേ.

മരടിൽ നിന്ന് ഒഴിയേണ്ടവർക്കായി ജില്ലാ ഭരണകൂടം കണ്ടെത്തിയ 521 ഫ്ലാറ്റുകളിൽ പലതും ഒഴിവില്ലെന്നാണ് അന്വേഷിച്ച് ചെന്ന ഉടമകൾക്ക് അറിയാനായത്. തുടർന്ന് സബ് കളക്ടർ നേരിട്ട് ഇടപെട്ടു. ഓരോ ഫ്ലാറ്റ് ഉടമയോടും വ്യക്തിപരമായി സംസാരിച്ച് പരിഹാരം കാണാനാണ് ജില്ലാ ഭരണകൂടത്തിന്റെ ശ്രമം. അങ്ങനെയെങ്കിൽ 3നകം പൂർണമായി ഒഴിപ്പിക്കൽ സാദ്ധ്യമായെന്നു വരില്ല. വിദേശത്തുള്ള ഉടമകളുടെ സാധന സാമഗ്രികൾ ജില്ലാ ഭരണകൂടത്തിന്റെ സംരക്ഷണയിൽ സൂക്ഷിക്കാനാണ് തീരുമാനം.

 പ്രദേശവാസികളുടെ ആശങ്ക

മരട് ഫ്ലാറ്റ് പൊളിക്കുമ്പോഴുയരുന്ന അതിഭീമമായ പൊടിപടലം, മാലിന്യം, ആ ദിനങ്ങളിൽ എങ്ങോട്ട് മാറണം എന്നിവയിൽ പരിസരവാസികൾക്കുള്ള ആശങ്കയകറ്റാൻ നഗരസഭ ബോധവത്കരണം നടത്തും. 12,13,14 തീയതികളിൽ വിവിധ വാർഡുകളിൽ നടക്കുന്ന യോഗത്തിൽ കളക്ടർ എസ്. സുഹാസും സബ് കളക്ടർ സ്‌നേഹിൽകുമാർ സിംഗും പങ്കെടുക്കും. പരിസരവാസികൾക്ക് കൃത്യമായ നോട്ടീസ് നൽകുമെന്നും ആവശ്യമായ സമയം അനുവദിക്കുമെന്നും സ്‌നേഹിൽകുമാർ സിംഗ് പറഞ്ഞു.