കൊച്ചി: എറണാകുളം നിയമസഭ ഉപതിരഞ്ഞെടുപ്പിൽ 11 സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. റിട്ടേണിംഗ് ഓഫീസർ എസ്.ഷാജഹാൻ മുമ്പാകെ കളക്‌ട്രേറ്റിലും അസി.റിട്ടേണിംഗ് ഓഫീസർ എൻ.ജെ.ഷാജിമോൻ മുമ്പാകെ എറണാകുളം സിറ്റി റേഷനിംഗ് ഓഫീസിലുമാണ് സ്ഥാനാർത്ഥികൾ പത്രിക സമർപ്പിച്ചത്. 11 സ്ഥാനാർത്ഥികൾക്കായി ആകെ 17 പത്രികകളാണ് സമർപ്പിക്കപ്പെട്ടത്.
സമാജ് വാദി ഫോർവേഡ് ബ്ലോക്ക് സ്ഥാനാർത്ഥി അബ്ദുൾ ഖാദർ വാഴക്കാല, ബി.ജെ.പി. സ്ഥാനാർത്ഥി സി.ജി.രാജഗോപാൽ, ബി.ജെ.പി ഡമ്മി സ്ഥാനാർത്ഥി ബാലഗോപാല ഷേണായ്, യുണൈറ്റഡ് കോൺഗ്രസ് പാർട്ടി സ്ഥാനാർത്ഥി ബോസ്കോ കളമശ്ശേരി, സ്വതന്ത്രൻ ജെയ്സൺ തോമസ് എന്നിവർ കളക്‌ട്രേറ്റിൽ റിട്ടേണിംഗ് ഓഫീസർ മുമ്പാകെ പത്രിക സമർപ്പിച്ചു.
സ്വതന്ത്ര സ്ഥാനാർത്ഥികളായ മനു റോയ്, അശോക്, കെ.എം.മനു, എ.പി.വിനോദ്, യു.ഡി.എഫ്. സ്ഥാനാർത്ഥി ടി.ജെ വിനോദ്, പി.ആർ. റെനീഷ് എന്നിവർ അസി.റിട്ടേണിംഗ് ഓഫീസർ മുമ്പാകെയും പത്രിക സമർപ്പിച്ചു. പത്രികകളുടെ സൂക്ഷ്മപരിശോധന ഇന്ന് (ഒക്ടോബർ 1) രാവിലെ 11ന് കളക്‌ട്രേറ്റിലെ സ്പാർക്ക് ഹാളിൽ ആരംഭിക്കും. നാമനിർദ്ദേശ പത്രിക പിൻവലിക്കാവുന്ന അവസാന തീയതി ഒക്ടോബർ മൂന്നാണ്. നാലാം തീയതി സ്ഥാനാർത്ഥികൾക്ക് ചിഹ്നം അനുവദിക്കും.