peethambaran-periya-murd

കൊച്ചി : കാസർകോട് പെരിയയിൽ യൂത്ത് കോൺഗ്രസുകാരായ കൃപേഷിനെയും ശരത്‌ലാലിനെയും സി.പി.എം പ്രവർത്തകർ കൊലപ്പെടുത്തിയ കേസിൽ പൊലീസ് നൽകിയ കുറ്റപത്രം റദ്ദാക്കിയ ഹൈക്കോടതി ,അന്വേഷണം സി.ബി.ഐയ്ക്കു വിട്ടു. സി.ബി.ഐ അന്വേഷണം ആവശ്യപ്പെട്ട് ഇരുവരുടെയും മാതാപിതാക്കൾ നൽകിയ ഹർജിയിലാണ് വിധി.

പൊലീസിന്റെ അന്വേഷണത്തിലെ ഗുരുതര വീഴ്‌ചകൾ എണ്ണിപ്പറഞ്ഞ് രൂക്ഷമായി വിമർശിച്ച സിംഗിൾബെഞ്ച്, സി.പി.എം പദ്ധതി തയ്യാറാക്കി ഇരട്ടക്കൊല നടത്തിയതാണെന്ന ഹർജിക്കാരുടെ ആരോപണം ശരിയാകാൻ സാദ്ധ്യതയുണ്ടെന്നും അഭിപ്രായപ്പെട്ടു. കഴിഞ്ഞ ഫെബ്രുവരി 17നാണ് കൃപേഷും ശരത്‌ലാലും കൊല്ലപ്പെട്ടത്.

കുറ്റപത്രം നൽകിയ കേസുകളിൽ കോടതി ഇടപെടുന്ന അപൂർവ സാഹചര്യവും ഈ കേസിലുണ്ടായി. പൊലീസിന്റെ അന്വേഷണം, കുറ്റപത്രം എന്നിവ മറികടന്നാണ് സി.ബി.ഐ അന്വേഷിക്കാൻ നിർദ്ദേശിച്ചത്. പൊലീസിന്റെ കുറ്റപത്രത്തിൽ നീതിപൂർണമായ വിചാരണ നടക്കില്ലെന്ന് ബോദ്ധ്യമായി. രാഷ്ട്രീയ സമ്മർദ്ദത്തെ തുടർന്ന് നീതിയുക്തവും പക്ഷപാതരഹിതവുമായി കേസന്വേഷിച്ചതായി കാണുന്നില്ലെന്നും കോടതി വിലയിരുത്തി. അന്വേഷണം തട്ടിപ്പാണെന്ന് കേസിന്റെ സാഹചര്യങ്ങൾ വ്യക്തമാക്കുന്നു. അന്വേഷണം സി.ബി.ഐ ഏറ്റെടുക്കണം. കേസന്വേഷണത്തിന് തിരുവനന്തപുരം യൂണിറ്റിന് പൊലീസ് പിന്തുണ നൽകണം.

പീതാംബരൻ പറഞ്ഞത്

വിശുദ്ധ സത്യമായി കണ്ടു

 ഒന്നാം പ്രതിയും സി.പി.എം പ്രാദേശിക നേതാവുമായ പീതാംബരന്റെ വിശദീകരണം വിശുദ്ധ സത്യമായി അന്വേഷണ ഉദ്യോഗസ്ഥൻ വിലയിരുത്തിയതിനാൽ ഫലപ്രദവും ശരിയായതുമായ അന്വേഷണം നടന്നില്ല

 കൃപേഷിനെയും ശരത് ലാലിനെയും പ്രതികൾ ഇരുമ്പുവടികൊണ്ട് ആക്രമിച്ചെന്ന് കുറ്റപത്രത്തിൽ പറയുമ്പോൾ ഇത്തരമൊരു ആക്രമണത്തിന്റെ മുറിവുകൾ മൃതദേഹത്തിലില്ലെന്നാണ് ഫോറൻസിക് സർജന്റെ മൊഴി

 പോസ്റ്റ്മോർട്ടം റിപ്പോർട്ടിലും ഇരുമ്പു വടികൊണ്ടുള്ള അടിയേറ്റ മുറിവില്ലെന്നു പറയുന്നു. എന്നാൽ ഇരുമ്പു വടികൊണ്ട് അടിയേറ്റെന്ന് അന്വേഷണ ഉദ്യോഗസ്ഥൻ സ്റ്റേറ്റ്മെന്റ് നൽകി

 രണ്ടു യുവാക്കൾ കൊല്ലപ്പെട്ടിട്ടും ഫോറൻസിക് സർജനെ കൂടുതൽ ചോദ്യം ചെയ്ത് വസ്തുതകൾ ശേഖരിച്ചില്ല.

 പ്രതികൾ ആക്രമിക്കാനുപയോഗിച്ച ഇരുമ്പുവടികൾ കണ്ടെടുത്തത് സർജനു പരിശോധിക്കാൻ നൽകിയതുമില്ല

 രാഷ്ട്രീയ വൈരാഗ്യമാണ് കൊലപാതക കാരണമെന്ന് എഫ്.ഐ.ആറിൽ പറയുമ്പോൾ കുറ്റപത്രത്തിൽ കൃപേഷിനോടും ശരത്‌ലാലിനോടും പീതാംബരനുള്ള വ്യക്തി വൈരാഗ്യമാണ് കാരണമെന്ന് പറയുന്നു

 മുൻവിധിയോടെയുള്ള അന്വേഷണമാണ് നടന്നതെന്നും പ്രോസിക്യൂഷൻ വസ്തുതകൾ മറച്ചുവയ്ക്കാൻ ശ്രമിച്ചെന്നും ഉൗഹിക്കാനാവും

 ഈ കുറ്റപത്രത്തിൽ വിചാരണ നടന്നാൽ പ്രതികൾ ശിക്ഷിക്കപ്പെടാനുള്ള സാദ്ധ്യത വിരളം

തെളിവില്ലാത്തവരെ എന്തിന്

പ്രതികളാക്കി?- ഹൈക്കോടതി

കൊച്ചി: പെരിയ ഇരട്ടക്കൊല കേസിൽ രണ്ടാം പ്രതി സജി സി. വർഗീസ്, അഞ്ചാം പ്രതി ജിജിൻ, എട്ടാം പ്രതി സുഭീഷ് എന്നിവരെ ബന്ധപ്പെടുത്താൻ നിയമപരമായ തെളിവില്ലാതിരുന്നിട്ടും ഇവരെ പ്രതികളാക്കിയത് എന്തിനാണെന്ന് ഹൈക്കോടതി ചോദിച്ചു. ഇവർ ജാമ്യത്തിന് ശ്രമിക്കാതെ ജയിലിൽ കഴിയുകയാണ്.

ഒന്നു മുതൽ ഏഴുവരെ പ്രതികൾ അന്വേഷണ ഉദ്യോഗസ്ഥനു മുന്നിൽ കീഴടങ്ങുകയാണുണ്ടായത്. നീതിപൂർവമായ അന്വേഷണമല്ല നടന്നതെന്ന് സാഹചര്യങ്ങളിൽ നിന്ന് മനസിലാക്കാം. ജിജിൻ ഒഴികെയുള്ള മറ്റു പ്രതികൾ സംഭവ സമയത്ത് ധരിച്ച വസ്ത്രങ്ങൾ കത്തിച്ചു കളഞ്ഞെന്ന ഒരു പ്രതിയുടെ മൊഴി വിശ്വസിച്ചു തുടരന്വേഷണം നടത്തിയിെന്നും കോടതി വ്യക്തമാക്കി.

കൊലപാതകത്തിനുശേഷം പീതാംബരൻ, ജിജിൻ, അശ്വിൻ തുടങ്ങിയ പ്രതികൾ വെളുത്തോലിലെ സി.പി.എം പാർട്ടി ഓഫീസിലേക്ക് എത്തിയെന്ന് പറയുന്നു. ഇതുകൊണ്ട് കൊലയ്ക്കു പിന്നിൽ പാർട്ടി നേതാക്കൾക്ക് പങ്കുണ്ടെന്ന് പറയാനാവില്ലെന്ന് പ്രോസിക്യൂഷൻ വാദിച്ചു. ഈ പ്രതികളെ സ്വീകരിക്കാൻ സി.പി.എമ്മിന്റെ ജില്ലയിലെ മുതിർന്ന നേതാക്കൾ എന്തിനാണ് വെളുത്തോലിയിൽ പോയതെന്ന് വ്യക്തമല്ല.

പീതാംബരൻ ഉൾപ്പെടെയുള്ളവർ സംഭവത്തിന് ഒരു മണിക്കൂർ മുമ്പ് യോഗം ചേർന്നിരുന്നെന്ന് മൊഴിയുണ്ട്. എന്നാൽ പാർട്ടിയിലെ പ്രശ്നങ്ങൾ ചർച്ച ചെയ്യാനായിരുന്നു യോഗമെന്ന് പ്രോസിക്യൂഷൻ പറയുന്നു. സംഭവത്തിന് തൊട്ടു മുമ്പ് പ്രതികളും മറ്റു നാലു പേരും വാഹനങ്ങളിൽ സംഭവം നടന്ന സ്ഥലത്തു കൂടി ഒന്നിനു പിറകേ ഒന്നായി കടന്നു പോയെന്നു സാക്ഷി മൊഴിയുണ്ട്. ഈ നാലുപേരെ എന്തുകൊണ്ട് പ്രതികളാക്കിയില്ലെന്ന് വ്യക്തമല്ലെന്നും കോടതി നിരീക്ഷിച്ചു. .