ആലുവ: എടത്തല ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് സാജിത അബ്ബാസിനെതിരെ എൽ.ഡി.എഫ് അവിശ്വാസത്തിന് നോട്ടീസ് നൽകി. ഒക്ടോബർ15നകം അവിശ്വാസ പ്രമേയത്തിന് ചർച്ചയും വോട്ടെടുപ്പും നടക്കും.
പഞ്ചായത്ത് പ്രതിപക്ഷ നേതാവ് എ.കെ. മായാദാസനാണ് പ്രമേയം അവതരിപ്പിച്ചത്. സി.ആർ. രാജൻ പിൻതാങ്ങി. ഭരണ മുരടിപ്പ് ആരോപിച്ചാണ് അവിശ്വാസം. ഭരണസമിതി സമ്പൂർണ പരാജയമാണെന്ന് എൽ.ഡി.എഫ് അംഗങ്ങൾ ആരോപിച്ചു.
നിലവിൽ 21 അംഗങ്ങളിൽ ഏഴ് കോൺഗ്രസ്, മൂന്ന് മുസ്ലീം ലീഗ്, ഒരു സ്വതന്ത്ര എന്നിങ്ങനെ 11 പേരുടെ പിന്തുണയോടെയാണ് യു.ഡി.എഫ് ഭരിക്കുന്നത്. ഒൻപതംഗങ്ങളുള്ള എൽ.ഡി.എഫിൽ എട്ട് പേർ സി.പി.എമ്മും ഒരാൾ എൻ.സി.പി.യംഗവുമാണ്. ഒരു പഞ്ചായത്തംഗം സ്വതന്ത്രനാണ്. യു.ഡി.എഫിന് പിന്തുണയുള്ള സ്വതന്ത്രയും, സ്വതന്ത്രനായി നിൽക്കുന്ന മറ്റൊരംഗവും പിന്തുണ നൽകുമെന്നാണ് എൽ.ഡി.എഫ്. പ്രതീക്ഷ.
ചൂർണിക്കരയിലും അവിശ്വാസത്തിന് നോട്ടീസ്
ആലുവ: അപ്രതീക്ഷിതമായി നഷ്ടപ്പെട്ട ഭരണം തിരിച്ചു പിടിക്കാൻ ചൂർണിക്കര ഗ്രാമപഞ്ചായത്തിലും എൽ.ഡി.എഫ് പ്രസിഡന്റിനെതിരെ അവിശ്വാസ പ്രമേയത്തിന് നോട്ടീസ് നൽകി. ചട്ടപ്രകാരം 15 ദിവസത്തിനകം ചർച്ച നടക്കും.
എൽ.ഡി.എഫ്. ഭരിച്ചിരുന്ന ചൂർണിക്കര പഞ്ചായത്തിലെ പ്രസിഡന്റ് സ്ഥാനം മാർച്ച് 27ന് നടന്ന തിരഞ്ഞെടുപ്പിൽ യു.ഡി.എഫ്. സ്വന്തമാക്കിയിരുന്നു. പ്രസിഡന്റായിരുന്ന എ.പി. ഉദയകുമാർ സി.പി.എം. ഏരിയാ സെക്രട്ടറി സ്ഥാനം ഏറ്റെടുത്തോടെ പഞ്ചായത്ത് പ്രസിഡന്റ് സ്ഥാനം ഒഴിയുകയായിരുന്നു. തുടർന്ന് നടന്ന തിരഞ്ഞെടുപ്പിൽ രണ്ടംഗങ്ങൾ കാലുമാറിയതോടെ യു.ഡി.എഫിനും എൽ.ഡി.എഫിനും സീറ്റ് സമാസമമായി. തുടർന്ന് നടത്തിയ നറുക്കെടുപ്പിലൂടെ കോൺഗ്രസിലെ ബാബു പുത്തനങ്ങാടി പ്രസിഡന്റായി.
ഇടത് മുന്നണിയിൽ നിന്ന് ഘടകകക്ഷിയായ എൻ.സി.പിയംഗത്തേയും സ്വതന്ത്രാംഗത്തേയും മറുകണ്ടം ചാടിച്ചാണ് യു.ഡി.എഫ്. ഭരണം അട്ടിമറിച്ചത്. എൽ.ഡി.എഫിലെ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ കൂടിയായ കെ.എ. ഹാരിസിനെയാണ് ബാബു തോൽപ്പിച്ചത്.
കഴിഞ്ഞ മാസം സ്ഥിരം സമിതി അധ്യക്ഷ സ്ഥാനം എൻ.സി.പി അംഗം മനോജ് പട്ടാടിന് സി.പി.എം നൽകിയിരുന്നു. അവിശ്വാസ പ്രമേയം മുന്നിൽ കണ്ടാണ് ഈ നീക്കം നടത്തിയത്.