ആലുവ: തോട്ടക്കാട്ടുകര അക്കാട്ട് ലൈനിലെ അപ്പാർട്ട്‌മെന്റിൽ യുവതിയുടെയും യുവാവിന്റെയും മൃതദേഹങ്ങൾ കണ്ടെത്തിയ കേസിൽ ആത്മഹത്യയെന്ന് പ്രാഥമിക നിഗമനം. ഇന്നലെ കളമശേരി മെഡിക്കൽ കോളേജിൽ നടന്ന പോസ്റ്റ്മാർട്ടം റിപ്പോർട്ടിലാണ് ഇക്കാര്യം.

ആന്തരീകാവയവങ്ങളുടെ വിശദമായ പരിശോധനക്ക് ശേഷമെ അന്തിമഫലം ലഭിക്കുകയുള്ളുവെന്ന് ആലുവ സി.ഐ സലീഷ് കുമാർ പറഞ്ഞു.

ആത്മഹത്യയാണെങ്കിലും അതിന് പ്രേരണയായ ഘടകങ്ങൾ കണ്ടെത്തേണ്ടതുണ്ട്. ഇരുവരുടെയും സുഹൃത്തുക്കളെയും ബന്ധുക്കളെയും ചോദ്യം ചെയ്യാനുള്ള ശ്രമത്തിലാണ് പൊലീസ്. കോട്ടയം വൈക്കം സ്വദേശിയായ ഒരു യുവാവിനെയും പൊലീസ് തിരയുന്നുണ്ട്. സംഭവത്തിന് ശേഷം ഇയാളുടെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ആയതാണ് സംശയം ജനിപ്പിക്കാൻ കാരണം.

പാലക്കാട് മൊടപ്പല്ലൂർ കുന്നുപറമ്പ് വീട്ടിൽ പരേതനായ രാജന്റെ മകൻ രമേശ് (32), തൃശൂർ സൗത്ത് കോട്ടായി തേക്കിൻകാട് കോളനി കൈലാസ് നിവാസ് സതീഷിന്റെ ഭാര്യ മോനിഷ (26) എന്നിവരുടെ മൂന്ന് ദിവസം പഴക്കമുള്ള മൃതദേഹങ്ങളാണ് ശനിയാഴ്ച കണ്ടെത്തിയത്.

നിർദ്ധനകുടുംബത്തിലെ അംഗമായിരുന്നു മോനിഷ. ഭർത്താവ് രമേശ് കൽപ്പണിക്കാരനായിരുന്നു. മോനിഷയുടെ മാതാവ് വീടുകളിൽ ജോലിക്ക് പോയാണ് കഴിയുന്നത്. മോനിഷ ചില സിനിമകളിൽ ജൂനിയർ ആർട്ടിസ്റ്റായി വേഷമിട്ടിട്ടുണ്ട്. ഇതുവഴിയാണ് സ്റ്റുഡിയോ മേഖലയിലേക്ക് തിരിഞ്ഞത്.

ഐ.എം.എ ഡിജിറ്റൽ സ്റ്റുഡിയോയെന്ന പേരിൽ സ്റ്റുഡിയോ ജോലികൾക്കായാണ് ഇവർ വീടെടുത്തിരുന്നത്.