jishnu-pranoy

കൊച്ചി : തൃശൂർ പാമ്പാടി നെഹ്റു കോളേജിലെ ഒന്നാം വർഷ കമ്പ്യൂട്ടർ സയൻസ് വിദ്യാർത്ഥി ജിഷ്‌ണു പ്രണോയിയുടെ മരണം ആത്മഹത്യയാണെന്ന് വ്യക്തമാക്കി സി.ബി.ഐ അന്വേഷണ സംഘം കുറ്റപത്രം നൽകി. നെഹ്റു ഗ്രൂപ്പ് ഒഫ് ഇൻസ്റ്റിറ്റ്യൂഷൻസിന്റെ ചെയർമാൻ ഡോ. പി. കൃഷ്‌ണദാസ് ഉൾപ്പെടെ നാലു പേരെ പ്രതിസ്ഥാനത്തു നിന്ന് നീക്കിയാണ് എറണാകുളം സി.ജെ.എം കോടതിയിൽ അന്വേഷണ സംഘം കുറ്റപത്രം നൽകിയത്.

അതേസമയം കോളേജിന്റെ വൈസ് പ്രിൻസിപ്പൽ എൻ. ശക്തിവേൽ, അദ്ധ്യാപകൻ സി.പി. പ്രവീൺ എന്നിവരെ ആത്മഹത്യാ പ്രേരണക്കുറ്റം ചുമത്തി കേസിൽ പ്രതികളാക്കിയിട്ടുണ്ട്. 2017 ജനുവരി ആറിനാണ് കേസിനാസ്പദമായ സംഭവം. കോളേജിലെ പരീക്ഷയ്ക്കിടെ വൈകിട്ട് മൂന്നിന് ജിഷ്ണുവിനെ കോപ്പിയടിച്ചെന്നാരോപിച്ച് പിടികൂടി പ്രിൻസിപ്പലിന്റെ മുറിയിലെത്തിച്ചെന്നും ശക്തിവേലും പ്രവീണും ചേർന്ന് ജിഷ്ണുവിനെ രൂക്ഷമായി ശാസിച്ചെന്നും കുറ്റപത്രത്തിൽ പറയുന്നു. വൈകിട്ട് അഞ്ചുമണിയോടെയാണ് ജിഷ്ണുവിനെ ഇവർ പുറത്തു വിട്ടത്. ഹോസ്റ്റലിലേക്ക് മടങ്ങിയ ജിഷ്ണുവിനെ പിന്നീട് ഹോസ്റ്റൽ മുറിയിൽ തൂങ്ങി നിൽക്കുന്ന നിലയിലാണ് കണ്ടത്. സുഹൃത്തുക്കൾ ഒറ്റപ്പാലത്ത് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. പൊലീസ് അന്വേഷണം പിന്നീട് ക്രൈംബ്രാഞ്ചിനു കൈമാറിയെങ്കിലും അന്വേഷണം ശരിയായ രീതിയിലല്ലെന്ന ആരോപണം ഉയർന്നിരുന്നു.

തുടർന്ന് 2017 ജൂൺ 15 ന് സർക്കാർ അന്വേഷണം സി.ബി.ഐക്കു വിട്ടെങ്കിലും ഈ ആവശ്യം സി.ബി.ഐ നിരാകരിച്ചു. ജിഷ്ണുവിന്റെ മരണത്തിൽ നീതി തേടിയെത്തിയ അമ്മ മഹിജയെ ഡി.ജി.പി ഓഫീസിനു മുന്നിൽ പൊലീസ് വലിച്ചിഴച്ചത് വിവാദങ്ങൾക്ക് ഇട നൽകി. പിന്നീട് മഹിജയുടെ ഹർജിയിൽ 2018 ജനുവരിയിൽ സുപ്രീം കോടതിയാണ് അന്വേഷണം സി.ബി.ഐക്ക് വിട്ടത്.

ആത്മഹത്യയെന്ന് തെളിവുകൾ

ജിഷ്ണു ആത്മഹത്യ ചെയ്തതാണെന്ന പോസ്റ്റ്മോർട്ടം റിപ്പോർട്ട് ശരിവയ്ക്കുന്ന തെളിവുകളാണ് ലഭിച്ചതെന്ന് സി.ബി.ഐ കുറ്റപത്രത്തിൽ പറയുന്നു. ജിഷ്ണു കോപ്പിയടിച്ചെന്ന വ്യാജ പ്രചാരണം നടത്തിയതും സി.പി. പ്രവീൺ എന്ന അദ്ധ്യാപകൻ ഇക്കാര്യം എഴുതി വാങ്ങി തെളിവുണ്ടാക്കിയതും ശകാരിച്ചതും ആത്മഹത്യയിലേക്ക് നയിച്ചിട്ടുണ്ടാകുമെന്ന് സി.ബി.ഐ വിലയിരുത്തുന്നു. ഡോ. പി. കൃഷ്‌ണദാസിനു പുറമേ ക്രൈംബ്രാഞ്ച് പ്രതി ചേർത്ത കോളേജ് പി.ആർ.ഒ സഞ്ജിത്ത് വിശ്വനാഥൻ, അദ്ധ്യാപകരായ പ്രദീപൻ, ബിപിൻ എന്നിവരെയാണ് സി.ബി.ഐ പ്രതിസ്ഥാനത്തു നിന്ന് ഒഴിവാക്കിയത്. ഇവർക്കെതിരെ തെളിവുകളില്ലെന്നും കുറ്റപത്രത്തിൽ പറയുന്നു.