കൊച്ചി : പെരിയ ഇരട്ടക്കൊലക്കേസിൽ പ്രതികളുടെ മൊഴി പൂർണമായും വിശ്വസിച്ചാണ് പൊലീസ് അന്വേഷണം നടത്തിയതെന്ന് ഹൈക്കോടതി വിമർശിച്ചു. ഒന്നാം പ്രതി പീതാംബരന്റേതടക്കം മൊഴി വിശ്വസിച്ച പൊലീസ് കേസിലെ നിർണായക വസ്തുതകളിൽ അന്വേഷണം നടത്തിയില്ലെന്ന് സിംഗിൾബെഞ്ച് ചൂണ്ടിക്കാട്ടി.
പ്രതികൾ സംഭവത്തിന് തൊട്ടുമുമ്പ് മറ്റു നാലുപേരുമായി വാഹനങ്ങളിൽ സഞ്ചരിച്ചെന്ന് സാക്ഷിമൊഴിയുണ്ട്. ഇക്കാര്യം രേഖപ്പെടുത്തി കുറ്റപത്രത്തിനൊപ്പം നൽകിയിട്ടുമുണ്ട്. എന്നാൽ ഈ നാലുപേരെ എന്തുകൊണ്ട് പ്രതി ചേർത്തില്ലെന്ന ചോദ്യത്തിന് സാക്ഷിമൊഴി വിശ്വസനീയം അല്ലെന്നാണ് അന്വേഷണ ഉദ്യോഗസ്ഥന്റെ സ്റ്രേറ്റ്മെന്റ്. സാക്ഷിമൊഴി പ്രോസിക്യൂഷൻ കോടതിയിൽ നൽകിയ സാഹചര്യത്തിൽ ഇതു വിശ്വസനീയമല്ലെന്ന് എങ്ങനെയാണ് അന്വേഷണ ഉദ്യോഗസ്ഥനു പറയാനാവുക?
പ്രതികൾ കേരളം ഭരിക്കുന്ന പാർട്ടിയായ സി.പി.എമ്മിന്റെ പ്രവർത്തകരാണ്. കൊലപാതകത്തിനുശേഷം പ്രതികൾ സി.പി.എമ്മിന്റെ വെളുത്തോലിലെ ഓഫീസിലേക്ക് പോയെന്ന് പറയുന്നുണ്ട്.
പാർട്ടി ഓഫീസിൽ ആർക്കും ഏതു സമയത്തും കടന്നു വരാമെന്നും പ്രതികൾ ഇതേപോലെ കടന്നു വന്നതാണെന്നും അതിന്റെ പേരിൽ കൊല നടത്തിയത് സി.പി.എമ്മാണെന്ന് പറയാൻ കഴിയില്ലെന്നും പ്രോസിക്യൂഷൻ ഡയറക്ടർ ജനറൽ വ്യക്തമാക്കിയിരുന്നു.
സി.പി.എമ്മിന്റെ ജില്ലയിലെ മുതിർന്ന നേതാക്കൾ പ്രതികളെ സ്വീകരിക്കാൻ വെളുത്തോലിൽ പോയതെന്തിനാണെന്നു വ്യക്തമല്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. സി.പി.എം നേതാക്കൾ അറിയാതെ ഇത്തരമൊരു സംഭവം നടത്താനാവില്ലെന്നാണ് ഹർജിക്കാരുടെ വാദം. നീതി പൂർവമായ അന്വേഷണം നടന്നില്ലെങ്കിൽ നീതിയുക്തമായ വിചാരണ ബുദ്ധിമുട്ടാകും. പ്രതികൾ ഉപയോഗിച്ച ആയുധങ്ങൾ ഉൾപ്പെടെയുള്ള തെളിവുകളിൽ അവ്യക്തത നിലനിൽക്കുന്നതു ചൂണ്ടിക്കാട്ടിയ സിംഗിൾബെഞ്ച് വിവിധ സുപ്രീം കോടതി വിധികൾ ഉൾപ്പെടെ ഉദ്ധരിച്ചാണ് കുറ്റപത്രം റദ്ദാക്കിയത്.