arrest

കൊച്ചി : പറവൂരിൽ പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ പീഡിപ്പിച്ചതുമായി ബന്ധപ്പെട്ട് രജിസ്റ്റർ ചെയ്ത കേസുകളിലൊന്നിൽ പെൺകുട്ടിയുടെ പിതാവുൾപ്പെടെ മൂന്നു പ്രതികൾക്ക് കോടതി ശിക്ഷ വിധിച്ചു. അമ്മ ഉൾപ്പെടെ മൂന്നു പ്രതികളെ കോടതി വെറുതേ വിട്ടു. പെൺകുട്ടിയെ 2010 ജൂലായ് 17 നും 28 നുമിടയ്ക്ക് പാലക്കാട് ചന്ദ്രനഗറിൽ കൊണ്ടുപോയി പീഡിപ്പിച്ച കേസിൽ പിതാവ്, ഇടനിലക്കാരനായ തിരുവനന്തപുരം കരമന സ്വദേശി ഷാജിമോൻ, കോഴിക്കോട് ചെമ്പുകടവ് അച്ചായൻ എന്നു വിളിക്കുന്ന ജോഷി എന്നിവർക്കാണ് എറണാകുളം അഡി. സെഷൻസ് കോടതി ശിക്ഷ വിധിച്ചത്. പിതാവിന് വിവിധ വകുപ്പുകളിലായി പത്ത് വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ. മറ്റുപ്രതികൾക്ക് ഏഴു വർഷം തടവും ഒന്നര ലക്ഷം രൂപ പിഴയുമാണ് ശിക്ഷ.

പെൺകുട്ടിയുടെ അമ്മ, പീഡിപ്പിക്കാനെത്തിയ പത്തനംതിട്ട സ്വദേശി മനു, തൃശൂർ സ്വദേശി മധു എന്നിവരെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതേ വിട്ടു. പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ മാതാപിതാക്കൾ ചേർന്ന് പലർക്കായി കാഴ്ച വെച്ച സംഭവത്തിൽ വിവിധ കേസുകളാണ് പൊലീസ് രജിസ്റ്റർ ചെയ്തത്. ഇതിലൊരു കേസിലാണ് വിചാരണക്കോടതി വിധി പറഞ്ഞത്.