കൊച്ചി: ഒരിക്കലും ജയിക്കാത്ത പാലാ സീറ്റിൽ ജയിച്ചത്‌ കേരളത്തിൽ എൽ.ഡി.എഫിന്‌ അനുകൂലമായ രാഷ്‌ട്രീയമാറ്റത്തിന്റെ സൂചനയാണെന്ന്‌ ഇടതുമുന്നണി കൺവീനർ എ.വിജയരാഘവൻ പറഞ്ഞു. എറണാകുളത്ത്‌ എൽ.ഡി.എഫ്‌ സ്വതന്ത്രസ്ഥാനാർഥി അഡ്വ. മനു റോയിയുടെ തിരഞ്ഞെടുപ്പു കൺവൻഷൻ ഉദ്‌ഘാടനംചെയ്യുകയായിരുന്നു അദ്ദേഹം.
എറണാകുളമടക്കം ഉപതിരഞ്ഞെടുപ്പ്‌ നടക്കാനിരിക്കുന്ന അഞ്ചിടത്തും മുമ്പ്‌ എൽ.ഡി.എഫ്‌ ജയിച്ചിട്ടുണ്ട്‌. പാലായിലെ ഫലം യു.ഡി.എഫ്‌ - ബി.ജെ.പി ആശയങ്ങൾക്ക്‌ എതിരായി സമൂഹം ചിന്തിച്ചു തുടങ്ങിയതിന്റെ തെളിവാണ്‌. ഒന്നരവർഷത്തിനപ്പുറം നിയമസഭാ തിരഞ്ഞെടുപ്പിൽ എൽ.ഡി.എഫിന്‌ ഭരണത്തുടർച്ച ഉറപ്പാക്കുന്ന ഫലമായിരിക്കും അഞ്ചിടത്തുമെന്നും വിജയരാഘവൻ പറഞ്ഞു.
സി.പി.ഐ ജില്ലാ സെക്രട്ടറി പി.രാജു അദ്ധ്യക്ഷത വഹിച്ചു. മന്ത്രിമാരായ രാമചന്ദ്രൻ കടന്നപ്പള്ളി, വി.എസ്‌. സുനിൽകുമാർ, എൻ.സി.പി ദേശീയ ജനറൽ സെക്രട്ടറി ടി.പി.പീതാംബരൻ, മാത്യു ടി. തോമസ്‌ എം.എൽ.എ, കാസിം ഇരിക്കൂർ, സി.പി.എം കേന്ദ്ര കമ്മിറ്റിയംഗം കെ.രാധാകൃഷ്‌ണൻ, സംസ്ഥാന സെക്രട്ടറിയേറ്റംഗം പി. രാജീവ്‌, ജില്ലാ സെക്രട്ടറി സി.എൻ.മോഹനൻ, സംസ്ഥാന കമ്മിറ്റിയംഗങ്ങളായ കെ. ചന്ദ്രൻപിള്ള, സി.എം. ദിനേശ്‌മണി, മുതിർന്ന നേതാവ്‌ എം.എം.ലോറൻസ്‌, എം.എൽ.എമാരായ എം.സ്വരാജ്‌, എൽദോ എബ്രഹാം, കെ.ജെ. മാക്‌സി, ജോൺ ഫെർണാണ്ടസ്‌, എൽ.ഡി.എഫ്‌ ജില്ലാ കൺവീനർ ജോർജ്‌ ഇടപ്പരത്തി, ഡോ. സെബാസ്‌റ്റ്യൻ പോൾ തുടങ്ങിയവർ പങ്കെടുത്തു.