ടൂറിസം എൻട്രൻസ് പ്ളാസ, ജില്ലാ ജയിൽ ക്വാട്ടേഴ്സ്, ജില്ലാ ഹോമിയോ സ്റ്റോർ,കുട്ടികളുടെ പാർക്ക് - ആകെ 4.75 കോടി രൂപയുടെ പദ്ധതികൾ
തൊടുപുഴ - നാടിന്റെ വികസനത്തിനും ക്ഷേമത്തിനും ഉതകുന്ന പദ്ധതികൾക്ക് വേണ്ടി സർക്കാർ ഫണ്ട് കിട്ടാൻ നിവേദനങ്ങളും അപേക്ഷകളും നൽകി ചിലയവസരങ്ങളിൽ സമര പരിപാടികളും നടത്തി വർഷങ്ങൾ കാത്തിരുന്നാലും ഒരു പ്രയോജനവും ലഭിച്ചെന്ന് വരില്ല.എന്നാൽ മുട്ടത്ത് തലതിരിഞ്ഞ സംഭവങ്ങളാണ് അരങ്ങേറുന്നത്.പ്രദേശ വാസികളുടേയും ജനപ്രതിനിധികളുടേയും ഉദ്യോഗസ്ഥരുടേയും കൂട്ടായ ശ്രമഫലമായി സർക്കാരിൽ അപേക്ഷകളും നിവേദനങ്ങളും നൽകി മുട്ടം പ്രദേശത്ത് നാലോളം പദ്ധതികൾക്ക് വിവിധ ഘട്ടങ്ങളിലായി സർക്കാർ ഫണ്ട് അനുവദിക്കുകയും ഇതിൻപ്രകാരമുളള പദ്ധതികൾ പൂർത്തീകരിക്കുകയും ചെയ്തു.എന്നാൽ ബന്ധപ്പെട്ട വകുപ്പ് മേധാവികളുടെ ഉദാസീനത കാരണം ഉദ്ഘാടനം നീണ്ട് പോകുന്നതിനാൽ ലക്ഷങ്ങളും കോടികളും ചിലവഴിച്ച് പൂർത്തീകരിച്ച പദ്ധതികൾ നാടിനും ജനത്തിനും പ്രയോജനം കിട്ടാത്ത അവസ്ഥയിലാണ്. ചില ജനപ്രതിനിധികൾക്കും ഉദ്യോഗസ്ഥർക്കും പദ്ധതിയോടുളള താൽപ്പര്യക്കുറവാണ് ഈ അവസ്ഥക്ക് കാരണമെന്നാണ് ഇതുമായി ബന്ധപ്പെട്ട കേന്ദ്രങ്ങൾ നൽകുന്ന സൂചന.
1- മലങ്കരയിസുളള എൻട്രൻസ് പ്ളാസ്സ -
മലങ്കര ടൂറിസം പദ്ധതിയുടെ ഭാഗമായിട്ടുളള എൻട്രൻസ് പ്ളാസയുടെ നിർമ്മാണം പൂർത്തിയായി ഉദ്ഘാടനത്തിന് സജ്ജമായിട്ട് മാസങ്ങൾ കഴിഞ്ഞെങ്കിലും ഉദ്ഘാടനം നടത്താതെ ബന്ധപ്പെട്ട അധികാരികൾ ഒളിച്ച് കളിക്കുന്ന നിലപാടാണ് സ്വീകരിക്കുന്നത്.മൂന്ന് കോടി രൂപയാണ് സംസ്ഥാന ടൂറിസം വകുപ്പ് ഇതിനായി ചിലവഴിച്ചത്.സർക്കാരിന്റെ അക്രഡിഷൻ ഏജൻസിയായ ഹാബിറ്റാറ്റിനായിരുന്നു നിർമാണ ചുമതല.മുട്ടം, മലങ്കര പ്രദേശങ്ങളുടെ മുഖച്ഛായ മാറുകയും നിരവധിയാളുകൾക്ക് തൊഴിൽ ലഭിക്കുകയും ചെയ്യുന്ന പദ്ധതിയുടെ ഉദ്ഘാടനം വൈകുന്നതിൽ വ്യാപകമായ പ്രതിഷേധമാണ് ഉയർന്നിരിക്കുന്നത്.
2- ജില്ലാ ജയിൽ ക്വാർട്ടേഴ്സ് -
ജില്ലാ ജയിലിനോടനുബന്ധിച്ച് നിർമ്മാണം പൂർത്തിയാക്കിയ ജയിൽ ക്വാർട്ടേഴ്സ് മാസങ്ങൾക്ക് മുൻപ് ഉദ്ഘാടനത്തിന് സജ്ജമായതാണ്.ജയിൽ വകുപ്പിൽ നിന്നും ലഭിച്ച 1.25 കോടി രൂപ ചിലവഴിച്ച് നാല് നിലകളിലുളള എട്ട് ഫ്ളാറ്റായിട്ടാണ് ക്വാർട്ടേഴ്സ് നിർമ്മിച്ചിരിക്കുന്നത്.സംസ്ഥാന പൊതുമരാമത്ത് വകുപ്പിന്റെ കെട്ടിട നിർമ്മാണ വിഭാഗത്തിനായിരുന്നു നിർമ്മാണ ചുമതല.എന്നാൽ യാതൊരു കാരണവുമില്ലാതെ ഇതിന്റെ ഉദ്ഘാടനും വൈകുകയാണ്.
3- ജില്ലാ ഹോമിയോ മെഡിക്കൽ സ്റ്റോർ -
ജില്ലയിലെ ഹോമിയോ മരുന്നുകളുടെ വിതരണത്തിന് കേന്ദ്രീകൃത സംവീധാനമെന്ന നിലയിൽ നിർമ്മാണം പൂർത്തിയാക്കിയ ഹോമിയോ ജില്ലാ മെഡിക്കൽ സ്റ്റോറിന്റെ ഉദ്ഘാടനവും വൈകുകയാണ്.ഇതേ തുടർന്ന് സർക്കാരിന് ലക്ഷങ്ങളാണ് നഷ്ടമാകുന്നത്. 1183 ചതുരശ്ര അടി വിസ്തൃതിയിലുളളതാണ് സ്റ്റോർ കെട്ടിടം.ദീർഘ കാലം മരുന്നുകൾ കേട് കൂടാതെ സൂക്ഷിക്കാനുള്ള അത്യാധുനിക സൗകര്യങ്ങളും ഇവിടെയുണ്ട്. ഹോമിയോ വകുപ്പിൽ നിന്നുള്ള 25 ലക്ഷം രൂപയുടെ ഫണ്ട് ഉപയോഗിച്ചാണ് ഇത് നിർമ്മിച്ചത്.
4-കുട്ടികളുടെ പാർക്ക് -
മലങ്കര ടൂറിസം പദ്ധതിയോടനുബന്ധിച്ചാണ് കുട്ടികളുടെ പാർക്കും സജ്ജമാക്കിയത്.ഇതിന്റെ പൂർത്തീകരണത്തിന് ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിൽ 25 ലക്ഷം രൂപയാണ് ചിലവഴിച്ചത്.കുട്ടികൾക്കായി കളി ഉപകരണങ്ങളും മറ്റ് സംവീധാനങ്ങളും ഒരുക്കിയെങ്കിലും പാർക്കിന്റെ ഔദ്യോഗിക ഉദ്ഘാടനവും നീണ്ട് പോവുകയാണ്.