ചെറുതോണി: പ്രളയക്കെടുതിയിൽ വീട് നഷ്ടപ്പെട്ടവർക്ക് സർക്കാർ നൽകുന്ന പുനരുദ്ധാരണ പദ്ധതിയുടെ തുക സമയബന്ധിതമായി നൽകി പുതിയ വീടുകളുടെ നിർമ്മാണം സുഗമമാക്കുന്നതിന് നടപടി സ്വീകരിക്കണമെന്ന് റോഷി അഗസ്റ്റിൻ എം.എൽ.എ ആവശ്യപ്പെട്ടു. വീടിനുള്ള ഒന്നാം ഘട്ടം തുക ലഭിച്ച് നിർമ്മാണം ആരംഭിച്ചവർക്ക് നിശ്ചിത സമയ പരിധിക്കുള്ളിൽ ബാക്കി തുക ലഭിക്കാത്തതുമൂലം നിർമ്മാണം വൈകുകയാണ്.
ഭാഗികമായി വീട് നഷ്ടപ്പെട്ടവർക്ക് അനുവദിച്ച തുക വീട് നവീകരണത്തിന് അപര്യാപ്തമായതിനാൽ നിരവധിപേർ ജില്ലാകളക്ടർക്ക് അപ്പീൽ നൽകിയിരുന്നു. ഒരു ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ തന്നെ ആറും ഏഴും പഞ്ചായത്തിലുള്ള അപേക്ഷകൾ വരുന്നത് പരിശോധിക്കേണ്ടതായി വരുന്നതുമൂലം തുടർ നടപടികൾ വൈകുകയാണ്. അതിനാൽ അപ്പീലുകൾ പരിശോധിച്ച് നടപടി സ്വീകരിക്കുന്നതിനായി ഒരു സ്‌പെഷ്യൽ ടീമിനെ നിയോഗിച്ച് നിശ്ചിത സമയപരിധിക്കുള്ളിൽ തീർപ്പ് കൽപ്പിക്കുന്നതിന് നടപടി സ്വീകരിക്കണം. ചെരിവ് പ്രദേശങ്ങളിലുള്ള നിരവധി വീടുകളുടെ മുൻഭാഗത്തും പിൻഭാഗത്തുമുള്ള മൺതിട്ടകൾ ഇടിഞ്ഞ് വീട് അപകട ഭീതിയിലാണ്. ഇത്തരം വീടുകൾക്ക് തൊഴിലുറപ്പ് പദ്ധതിയിലുൾപ്പെടുത്തി സംരക്ഷണഭിത്തി നിർമ്മിക്കുന്നതിനും സുരക്ഷിതമല്ലാത്ത മേഖലകളിൽ നിന്ന് പകരം ഭൂമിയും വീടും നൽകി മാറ്റിപ്പാർപ്പിക്കുന്നതിനും പദ്ധതി നടപ്പിലാക്കണമെന്ന് എം.എൽ.എ ആവശ്യപ്പെട്ടു.