രാജാക്കാട്: കമ്പോള വില നിയന്ത്രിക്കുന്നതിൽ സപ്ലൈകോ നിർണായക പങ്കു വഹിക്കുന്നുണ്ടെന്ന് ഭക്ഷ്യമന്ത്രി പി. തിലോത്തമൻ പറഞ്ഞു. രാജക്കാട് സൂപ്പർമാർക്കറ്റ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. ഈ സർക്കാർ അധികാരത്തിൽ വന്നതിന് ശേഷം സപ്ലൈകോ ഉത്പന്നങ്ങൾക്ക് വില വർദ്ധന ഉണ്ടായിട്ടില്ല. ഭക്ഷ്യധാന്യങ്ങൾക്കും പയർ വർഗങ്ങൾക്കും വില കുറയ്ക്കാനും കഴിഞ്ഞിട്ടുണ്ട്. സപ്ലൈകോ കേന്ദ്രങ്ങൾ വഴി 45 ശതമാനം വിലക്കുറവിലാണ് ഗൃഹോപകരണങ്ങൾ വിൽക്കുന്നത്. നിലവിൽ 135 സപ്ലൈകോ കേന്ദ്രങ്ങൾ വഴി ഗൃഹോപകരണങ്ങൾ വിൽക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. പൊതുവിതരണരംഗം ശക്തിപ്പെടുത്താൻ ഫലപ്രദമായ ഇടപെടലാണ് സർക്കാർ നടത്തുന്നതെന്ന് അദ്ധ്യക്ഷനായിരുന്ന മന്ത്രി എം.എം. മണി പറഞ്ഞു. നെടുങ്കണ്ടം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് റെജി പനച്ചിക്കൽ മുഖ്യപ്രഭാഷണം നടത്തി. രാജക്കാട് പഞ്ചായത്ത് പ്രസിസന്റ് എം.എസ് സതി ആദ്യവില്പന നടത്തി. ജില്ലാ സപ്ലൈ ഓഫീസർ സി.വി ഡേവിസ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് കെ.പി. അനിൽ തുടങ്ങിയവർ പങ്കെടുത്തു.
ആധുനിക സൂപ്പർമാർക്കറ്റ്
നാലു ഷട്ടറുകളിലായി എല്ലാവിധ സപ്ലൈകോ ഉത്പന്നങ്ങളും ഉപഭോക്താവിന് ആവശ്യാനുസരണം തിരഞ്ഞെടുക്കാവുന്ന ആധുനിക രീതിയിലാണ് രാജക്കാട് സൂപ്പർമാർക്കറ്റ് ഒരുക്കിയിരിക്കുന്നത്. ഓണത്തോടനുബന്ധിച്ച് സൂപ്പർമാർക്കറ്റിൽ ഹോർട്ടികോർപിന്റെ പച്ചക്കറി സ്റ്റാളും തിങ്കളാഴ്ച ആരംഭിക്കും. കർഷകരിൽ നിന്ന് നേരിട്ട് സംഭരിക്കുന്ന ജൈവപച്ചക്കറിക്ക് പൊതുവിപണിയേക്കാൾ 10 മുതൽ 40 ശതമാനം വരെ വിലക്കുറവും ഇവിടെയുണ്ട്.