ഇടുക്കി: ഹരിതകർമ്മ സേന ശേഖരിക്കുന്ന പ്ലാസ്റ്റികും ഇലക്ട്രോണിക്സുമടക്കമുള്ള മാലിന്യങ്ങൾ സുരക്ഷിതമായി നീക്കാൻ ക്ലീൻ കേരള കമ്പനി വരുന്നു. ഈ മാസം തന്നെ എല്ലാ ഗ്രാമ- ബ്ലോക്ക് പഞ്ചായത്തുകളും മാലിന്യ നീക്കുന്നതിന് കമ്പനിയുമായി കരാറിലേർപ്പെടും. ഹരിതകേരളം വിഭാവനം ചെയ്ത സമഗ്ര മാലിന്യ നിർമ്മാർജ്ജന പദ്ധതിയുടെ ശ്രദ്ധേയമായ ചുവടുവെയ്പ്പാണ് തദ്ദേശ ഭരണ സ്ഥാപനങ്ങളുമായുള്ള കരാർ. പദ്ധതിയുടെ ഭാഗമായി തദ്ദേശഭരണ സ്ഥാപനങ്ങൾ ഹരിത കർമ്മസേന രൂപീകരിച്ച് പരിശീലനം നൽകിയെങ്കിലും ശേഖരിക്കുന്ന പാഴ് വസ്തുക്കൾ എങ്ങനെ സുരക്ഷിതമായി കൈയ്യൊഴിയുമെന്നത് ആശയക്കുഴപ്പമുണ്ടാക്കിയിരുന്നു. ഈ പ്രതിസന്ധിയാണ് ക്ലീൻ കേരള കമ്പനിയുമായി കരാർ വെയ്ക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്നത്. ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് തീരുമാനം. പഞ്ചായത്തുകളുമായും ബ്ലോക്കുകളുമായും കമ്പനി പ്രത്യേകം കരാറുകളാണ് ഒപ്പുവെയ്ക്കുക. കമ്പനി തയ്യാറാക്കിയ എഗ്രിമെന്റിന്റെ പകർപ്പ് തദ്ദേശഭരണ സ്ഥാപനങ്ങൾക്ക് നൽകിയിട്ടുണ്ട്. ഇതിൽ കമ്പനിയും ബ്ലോക്ക് പഞ്ചായത്തുകളും നിർവഹിക്കേണ്ട ചുമതലകൾ പ്രത്യേകം വിശദമാക്കുന്നുണ്ട്. മാലിന്യം നീക്കം ചെയ്യുന്നതിൽ കമ്പനിയുടെ ഭാഗത്ത് വീഴ്ച സംഭവിച്ചാൽ നിയമനടപടികൾ സ്വീകരിക്കാവുന്നതാണെന്നും കരാറിൽ വ്യവസ്ഥയുണ്ടാകും. കരാർ പ്രകാരം കമ്പനിക്ക് നൽകേണ്ട തുക ആർ.ആർ.എഫ് ഉടമസ്ഥതയുള്ള തദ്ദേശ സ്ഥാപനമോ ആർ.ആർ.എഫ് ഉൾപ്പെട്ട ബ്ലോക്ക് പഞ്ചായത്തോ ആർ.ആർ.എഫ് പരിധിയിൽപ്പെട്ട പഞ്ചായത്തുകൾ ഒന്നിച്ചോ വകയിരുത്തും. ഇതിനായി പ്രത്യേക യോഗങ്ങൾ ഉടൻ വിളിച്ചുകൂട്ടും. ക്ലീൻ കേരള കമ്പനി പ്രതിനിധി ദിലീപ്, ജില്ലാ പ്ലാനിംഗ് ഓഫീസർ കെ.കെ. ഷീല, ശുചിത്വമിഷൻ ജില്ലാ കോ- ഓർഡിനേറ്റർ സാജു സെബാസ്റ്റ്യൻ, ഹരിതകേരളം മിഷൻ റിസോഴ്സ് പേഴ്സൺ എം.എൻ. മനോഹർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.

ആദ്യ കരാർ ഇവരുമായി

തൊടുപുഴ നഗരസഭ, ഇളംദേശം ബ്ലോക്ക്, കുമളി പഞ്ചായത്ത് എന്നിവയായിരിക്കും ആദ്യം കരാർ ഒപ്പുവെയ്ക്കുക.

കരാറിന്റെ ലക്ഷ്യം

വീടുകളിൽ നിന്നും സ്ഥാപനങ്ങളിൽ നിന്നും ശേഖരിച്ച് മെറ്റീരിയൽ കളക്ഷൻ ഫെസിലിറ്റികളിൽ (എം.സിഎഫ്) സൂക്ഷിക്കുന്ന പ്ലാസ്റ്റിക്കുകളും മറ്റ് പാഴ്‌വസ്തുക്കളും വിവിധ തദ്ദേശഭരണ സ്ഥാപനങ്ങളിലെ ഷ്രെഡിംഗ് യൂണിറ്റുകൾ ഉത്പാദിപ്പിച്ച പ്ലാസ്റ്റിക് പൊടിയുമുൾപ്പടെയുള്ളവയുടെ സുഗമമായ നീക്കം ഈ കരാറിലൂടെ സാധ്യമാവുമെന്നാണ് കരുതുന്നത്. ഹരിതകർമ്മ സേന ശേഖരിക്കുന്ന വൃത്തിയുള്ള പ്ലാസ്റ്റിക്കുകൾ, ചില്ല്, ചെരുപ്പ് തുടങ്ങിയ അജൈവ മാലിന്യങ്ങൾ പഞ്ചായത്തുകളിൽ സ്ഥാപിച്ചിട്ടുള്ള മെറ്റീരിയൽ റിക്കവറി ഫെസിലിറ്റിയിൽ (എം.സിഎഫ്) തരംതിരിച്ച് സൂക്ഷിക്കും. ഈ പാഴ്‌വസ്തുക്കൾ റിസോഴ്സ് റിക്കവറി ഫെസിലിറ്റിയിൽ (ആർ.ആർഎഫ്) എത്തിച്ച് അവിടെ നിന്ന് പുനചംക്രമണത്തിനും മറ്റുമായി കൊണ്ടുപോകുന്ന ഉത്തരവാദിത്തമാണ് ക്ലീൻ കേരള കമ്പനി കരാറിലൂടെ ഏറ്റെടുക്കുന്നത്.