കുമളി: വ്യത്യസ്ത കേസുകളിലായി 28 ലിറ്റർ മദ്യവുമായി രണ്ട് യുവാക്കൾ വണ്ടിപ്പെരിയാർ എക്സൈസ് പിടിയിലായി. ചെളിമട ഭാഗത്ത് നിന്ന് 19 ലിറ്ററുമായി ചെങ്കര കന്നിക്കല്ല് സ്വദേശി ജിബിനും അട്ടപ്പള്ളം ഭാഗത്ത് നിന്ന് ഒമ്പത് ലിറ്ററുമായി പുല്ലുമേട് സ്വദേശി സിനുവുമാണ് എക്സൈസ് പരിശോധനയിൽ പിടിയിലായത്. റം വിഭാഗത്തിൽപ്പെടുന്ന 'ജവാൻ" മദ്യമാണ് കണ്ടെത്തിയത്. ഓണം സ്പെഷ്യൽ ഡ്രൈവിനോടനുബന്ധിച്ചു ഇടുക്കി അസി. എക്സൈസ് കമ്മിഷണർ ഏലിയാസ് പി.വിയുടെ നിർദ്ദേശത്തെ തുടർന്ന് വണ്ടിപ്പെരിയാർ എക്സൈസ് ഉദ്യോഗസ്ഥർ നടത്തിയ രാത്രികാല പട്രോളിങ്ങിലാണ് വിദേശമദ്യം പിടികൂടിയത്. പ്രിവന്റീവ് ഓഫീസർ സേവ്യർ പി.ഡി.യുടെ നേതൃത്വത്തിൽ കുമളി ചെളിമടയിൽ നടത്തിയ വാഹനപരിശോധനയിലാണ് ടാറ്റാ സുമോയിൽ നിന്ന് 19 ലിറ്റർ കണ്ടെത്തിയത്. പ്രിവന്റീവ് ഓഫീസർ രാജ് കുമാറിന്റെ നേതൃത്വത്തിൽ കുമളി അട്ടപ്പള്ളം ഭാഗത്ത് നടത്തിയ പരിശോധനയിൽ ഒമ്പത് ലിറ്ററും കണ്ടെത്തി. വണ്ടിപ്പെരിയാർ എക്സൈസ് റേഞ്ച് സിവിൽ ഓഫീസർമാരായ അനീഷ്, ഷൈൻ എന്നിവർ റെയ്ഡിൽ പങ്കെടുത്തു.