കുമളി: തമിഴ്നാട്ടിൽ നിന്ന് വിൽപ്പനയ്ക്കായി കൊണ്ടുവന്ന കഞ്ചാവുമായി രണ്ട് യുവാക്കൾ കുമളി ചെക്പോസ്റ്റിൽ പിടിയിലായി. കോട്ടയം കുഴിവെലിപടി സ്വദേശി ആഷിം (24), പത്തനംതിട്ട പുതിയകാവ് സ്വദേശി രാഹുൽ (23) എന്നിവരാണ് പിടിയിലായത്. ഇവരുടെ പക്കൽ നിന്ന് 3.2 കിലോഗ്രാം കഞ്ചാവ് പിടികൂടി. തമിഴ്നാട്ടിൽ നിന്ന് കെ.എസ്.ആർ.ടി.സി ബസിൽ കൊണ്ടുവരുന്ന വഴിയാണ് ബാഗിനുള്ളിൽ രഹസ്യമായി കടത്താൻ ശ്രമിച്ച കഞ്ചാവ് പിടികൂടിയത്. തമിഴ്നാട്ടിൽ നിന്ന് 32,000/- രൂപയ്ക്ക് വാങ്ങിയ കഞ്ചാവ് എറണാകുളത്ത് എത്തിച്ച് ചില്ലറ വില്പന നടത്തി ലാഭം ഉണ്ടാക്കുകയായിരുന്നു ലക്ഷ്യമെന്ന് എക്‌സൈസ് ഉദ്യോഗസ്ഥരോട് പ്രതികൾ സമ്മതിച്ചു. ആഷിം എറണാകുളത് സോഫ്‌റ്റ്‌വെയർ കമ്പനിയിൽ എൻജിനീയറാണ്. രാഹുൽ എറണാകുളത്ത് സ്വകാര്യ കമ്പനിയിൽ ഡ്രൈവറാണ്. പത്തനംതിട്ടയിലെ പുതിയകാവിലെ ബന്ധുവീട്ടിലാണ് ഇരുവരും തമ്മിൽ സുഹൃത്തുക്കളാകുന്നത്. തുടർന്ന് എറണാകുളത്ത് ജോലിക്ക് എത്തിയപ്പോൾ മുതൽ ഒരേ റൂമിൽ താമസിച്ചു വരികയായിരുന്നു. പെട്ടെന്ന് പണം ഉണ്ടാക്കാൻ എളുപ്പവഴി എന്ന നിലയിലാണ് ഈ മാർഗം തിരഞ്ഞെടുത്തതെന്ന് ഇവർ പറഞ്ഞു. 10 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ലഭിക്കാവുന്ന കുറ്റമാണ്. കുമളി എക്‌സൈസ് ചെക്പോസ്റ്റിലെ എക്‌സൈസ് ഇൻസ്‌പെക്ടർ രഞ്ജിത് കുമാർ, പ്രീവന്റിവ് ഓഫീസർ മനോജ്‌ സെബാസ്റ്റ്യൻ, സിവിൽ എക്‌സൈസ് ഓഫീസർമാരായ വിനോജ് വി.ജെ, ഷിജുദാസ്, അൻസാർ ഒ.വൈ, വനിതാ സിവിൽ എക്‌സൈസ് ഓഫീസർ സ്റ്റെല്ല ഉമ്മൻ എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.