തൊടുപുഴ: ആലപ്പുഴ- മധുര സംസ്ഥാന പാതയുടെ ഭാഗമായ വണ്ണപ്പുറം- ചേലച്ചുവട് റൂട്ടിൽ അപകടങ്ങൾക്ക് ശമനമില്ല. ശനിയാഴ്ച വൈകിട്ട് കെ.എസ്.ആർ.ടി.സി ബസ് മൺതിട്ടയിലിടിച്ച് 36 പേർക്ക് പരിക്കേറ്റ അപകടമാണ് ഒടുവിലത്തേത്. ഡ്രൈവറുടെ മനഃസാന്നിധ്യം കൊണ്ട് മാത്രമാണ് ബ്രേക്ക് നഷ്ടപ്പെട്ടിട്ടും ഒരു വശം കൊക്കയായ കുത്തിറക്കത്തിൽ ദുരന്തം ഒഴിവായത്. ഹാൻഡ് ബ്രേക്കുൾപ്പെടെ പ്രയോഗിച്ചിട്ടും ബസ് നിൽക്കാതായതോടെ യാത്രക്കാരോട് വിവരം പറഞ്ഞ ശേഷം ഡ്രൈവർ രാജൻ വണ്ടി ഇടതുവശത്തെ മൺതിട്ടയിൽ ബസ് ഇടിച്ചുനിറുത്തുകയായിരുന്നു.
അടുത്തിടെ രണ്ട് കെ.എസ്.ആർ.ടി.സി ബസുകൾ ഇവിടെ അപകടത്തിൽപ്പെട്ടിരുന്നു. നാല് വർഷം മുമ്പ് മുണ്ടൻമുടി എസ് വളവിൽ ലോറി തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് റോഡിനു താഴെയുള്ള വീട്ടിലേക്ക് പതിച്ച് വീട്ടിൽ ഉറങ്ങിക്കിടന്ന വീട്ടമ്മയും ലോറിക്ലീനറും മരിച്ചിരുന്നു. ഏതാനും മാസങ്ങൾക്ക് മുമ്പ് വരാപ്പുഴയിൽ നിന്ന് വന്ന ടെമ്പോ ട്രാവലർ നിയന്ത്രണം വിട്ട് ഒരു സ്വകാര്യ വ്യക്തിയുടെ മരത്തിൽ ഇടിച്ചു. അന്നും തലനാരിഴയ്ക്കാണ് വലിയ അപകടം ഒഴിവായത്. ഓരോ അപകടം ഉണ്ടാകുമ്പോഴും റോഡിൽ ബാരിക്കേ‌ഡുകളും സംരക്ഷണഭിത്തിയും നിർമിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെടാറുണ്ടെങ്കിലും അധികൃതർ ചെവികൊടുക്കാറില്ല. അപകടം തുടർക്കഥയാകുമ്പോഴും മുൻകരുതലെടുക്കാൻ അധികൃതർ തയ്യാറാകുന്നില്ലെന്നാണ് ആക്ഷേപം.

അപകടകാരണം പലത്

 റോഡിന്റെ അശാസ്ത്രീയമായ നിർമാണം

 റോഡിനിരുവശവും ബാരിക്കേഡുകളില്ല

 തുടർച്ചയായ ആറോളം ഹെയർ പിൻ വളവുകൾ

 റോഡിനെക്കുറിച്ചുള്ള പരിചയക്കുറവ്

 ടോപ് ഗിയർ ഉപയോഗിക്കാത്ത അശാസ്ത്രീയ ഡ്രൈവിംഗ്

 കുത്തനെയുള്ള വളവുകളിൽ സംരക്ഷണഭിത്തികളില്ല

 സ്ട്രീറ്റ് ലൈറ്റോ സൂചന ബോർഡുകളോ ഇല്ല