തൊടുപുഴ: നഗരസഭയിൽ ശുചീകരണ തൊഴിലാളികളുടെ (സാനിട്ടേഷൻ വർക്കർ) എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭ ഡയറക്ടർ തൊടുപുഴ നഗരസഭക്ക് അയച്ച ഫയലിൽ ഒരു വർഷം ആകാറായിട്ടും തീരുമാനം എടുത്തില്ല. പി എം എ വൈ പദ്ധതിയുമായി ബന്ധപ്പെട്ട് തൊടുപുഴ നഗരസഭ സംഘടിപ്പിച്ച പരിപാടിയിൽ പങ്കെടുക്കാൻ തദ്ദേശ സ്വയംഭരണ മന്ത്രി കെ ടി ജലീൽ തൊടുപുഴയിൽ എത്തിയപ്പോൾ ശുചീകരണ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് നഗരസഭയിലെ താൽക്കാലിക ശുചീകരണ തൊഴിലാളികൾ മന്ത്രിക്ക് നിവേദനം നൽകിയിരുന്നു. ഇതേ തുടർന്ന് നഗരസഭക്ക് ആവശ്യമുള്ള ശുചീകരണ തൊഴിലാളികളുടെ എണ്ണം സംബന്ധിച്ച് നഗരസഭ ഡയറക്ടർ നഗരസഭ സെക്രട്ടറിയോട് റിപ്പോർട്ട് ആവശ്യപ്പെട്ടിരുന്നു. ഇതേ തുടർന്ന് പുതിയതായി 20 ആളുകളെ ആവശ്യമുണ്ടെന്ന് നഗരസഭ സെക്രട്ടറി ഡയറക്ടർക്ക് റിപ്പോർട്ട് നൽകി. പുതിയ തൊഴിലാളികളെ നിയമിച്ചാൽ അവർക്ക് ശമ്പളവും മറ്റ് ആനുകൂല്യങ്ങളും നൽകാൻ നഗരസഭയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് റിപ്പോർട്ട് നൽകാൻ ഡയറക്ടർ വീണ്ടും നഗരസഭയോട് ആവശ്യപ്പെട്ടു. എന്നാൽ പിന്നീട് ഇത് സംബന്ധിച്ച് നഗരസഭ ഒരു തീരുമാനവും എടുത്തിട്ടില്ല. നഗരസഭയിൽ ശുചീകരണത്തിന് നിലവിൽ 20 സ്ഥിരം തൊഴിലാളികളും 14 താൽക്കാലിക തൊഴിലാളികളുമാണുള്ളത്. എ ഗ്രേഡിലുള്ള നഗരസഭയായതിനാലും ശുചീകരണം നടത്താനുള്ള വിസ്തൃതി ഏറെ ആയതിനാലും ശൂചീകരണ പ്രവർത്തനത്തിന് 60 പേരെങ്കിലും ഉണ്ടാവണം. നഗരസഭയുടെ സാമ്പത്തിക സ്ഥിതി സംബന്ധിച്ച് വ്യക്തത ലഭിച്ചാൽ ശുചീകരണ തൊഴിലാളികളുടെ എണ്ണം വർധിപ്പിക്കാനുള്ള കാര്യത്തിൽ നഗരസഭ ഡയറക്ടർ തീരുമാനം കൈക്കൊള്ളും. നഗരസഭയിൽ ശുചീകരണ പ്രവർത്തനങ്ങൾ ഏകോപിക്കുന്ന ആരോഗ്യ സ്റ്റാൻഡിങ്ങ് കമ്മറ്റി ഇത് സംബന്ധിച്ചുള്ള തീരുമാനം എടുത്ത് ധനകാര്യ സ്റ്റാൻഡിങ്ങ് കമ്മറ്റിയുടെ അംഗീകാരത്തോടെ കൗൺസിൽ അംഗീകരിച്ചു വേണം റിപ്പോർട്ട് ഡയറക്ടർക്ക് കൈമാറാൻ.

നിലവിൽ രണ്ട് ഘട്ടങ്ങളായി എംപ്ലോയ്‌മെന്റിൽ നിന്ന് എടുത്തിരിക്കുന്നവരാണ് താൽക്കാലിക ശുചീകരണ തൊഴിലാളികൾ. ഇവരിൽ 8 തൊഴിലാളികൾ എട്ട് വർഷമായും 6 തൊഴിലാളികൾ മൂന്ന് വർഷമായും താൽക്കാലിക സംവിധാനത്തിലാണ് പ്രവർത്തിക്കുന്നത്. സർക്കാരിന്റെ ഏതെങ്കിലും വകുപ്പിൽ എംപ്ളോയിമെൻ്റ്റിൽ നിന്ന് ജോലി ലഭിക്കുന്നവർക്ക് 180 ദിവസം ജോലി ചെയ്താൽ അവരെ സ്ഥിരപ്പെടുത്തണം എന്നാണ് വ്യവസ്ഥ. എന്നാൽ സ്ഥിരം ജോലിക്കാർ പൊഴിഞ്ഞു പോകുന്നതിനനുസരിച്ച് സ്ഥിരപ്പെടുത്തും എന്ന വ്യവസ്ഥയിലാണ് ഇവിടെ താൽക്കാലികക്കാരെ എടുത്തിരിക്കുന്നത്. നഗരസഭയായി പ്രവർത്തനം ആരംഭിച്ചപ്പോൾ അംഗീകാരം ലഭിച്ച ശുചീകരണ തൊഴിലാളികളുടെ എണ്ണമാണ് ഇപ്പോഴും നഗരസഭയിലുള്ളത്.

മറ്റ് സ്ഥലങ്ങളിലുളള എ ഗ്രേഡ് നഗരസഭകളിൽ 50 മുതൽ 60 വരെ ശുചീകരണ തൊഴിലാളികളുടെ സ്ഥിരം തസ്ഥികക്ക് സർക്കാർ അംഗീകാരം നൽകിയിട്ടുണ്ട്.നിരവധി വികസന ക്ഷേമ പ്രവർത്തനങ്ങളാൽ മികച്ച നിലവാരത്തിലുള്ള തൊടുപുഴ നഗരസഭയുടെ ശുചീകരണ പ്രവർത്തനങ്ങൾക്ക് സ്ഥിരം സംവിധാനം ഉണ്ടാകണം

" ശുചീകരണ തൊഴിലാളികൾ എത്ര വേണമെന്ന് അതാത് നഗരസഭകളാണ് തീരുമാനം എടുക്കേണ്ടത് "-

നഗരസഭ ജോയിന്റ് ഡയറക്ടറേറ്റ്, എറണാകുളം മേഖല