തൊടുപുഴ: അത്തം പിറന്നിട്ടും പിൻമാറാത്ത മഴയെ 'പാതാളത്തിലേക്ക് ചവിട്ടി താഴ്ത്തി" ഓണവുമായി മാവേലി മലയോരത്തേക്ക് നടന്നുകയറി. മഴക്കെടുതികളിൽ നിന്ന് അതിവേഗം ഉണർന്ന നാടും നഗരവും ഓണതിരക്കിലായി. വ്യാപാരശാകളിലെല്ലാം ജനങ്ങളെത്തി തുടങ്ങി. കഴിഞ്ഞ വർഷം അപ്രതീക്ഷിതമായെത്തിയ പ്രളയം ജില്ലയെ തളർത്തിയെങ്കിലും ഇത്തവണ വലിയ പ്രതീക്ഷയിലാണ് വ്യാപാര- കാർഷികമേഖല. മുൻ വർഷത്തെ അപേക്ഷിച്ച് കാലവർഷം ജില്ലയെ കാര്യമായി ബാധിച്ചിട്ടില്ലെന്നത് ആശ്വാസകരമാണ്. വരുംദിവസങ്ങളിൽ മഴ പൂർണമായും മാറി വിപണി കൂടുതൽ സജീവമാകുമെന്ന പ്രതീക്ഷയിലാണ് എല്ലാവരും.

പ്രതീക്ഷയിൽ വ്യാപാരികൾ

കേരളത്തിലെ ഏറ്റവും വലിയ ഉത്സവമായ ഓണം വ്യാപാരികളുടെ ഉത്സവകാലമാണ്.

എല്ലാ വ്യാപാരമേഖലയിലും ഏറ്റവുമധികം കച്ചവടം നടക്കുന്ന കാലവും ഓണമാണ്. ഓണത്തിന് ഇനി പത്തിൽ താഴെ ദിവസം മാത്രമുള്ളപ്പോൾ തന്നെ വ്യാപാര മേഖലയിൽ ഉണർവ് പ്രകടമാണ്. വസ്ത്രവ്യാപാരശാലകൾ, ഗൃഹോപകരണവിപണി, മൊബൈൽ- ഇലക്ട്രോണിക്സ് തുടങ്ങിയ വ്യാപാരമേഖലകളെല്ലാം ഈ ഓണക്കാലത്ത് വൻ നേട്ടം കൊയ്യാമെന്ന പ്രതീക്ഷയിലാണ്. മഴയെ അവഗണിച്ചും ജനം നഗരങ്ങളിലിറങ്ങിയത് വ്യാപാരികളുടെ പ്രതീക്ഷയുയർത്തിയിട്ടുണ്ട്.

കോടിയില്ലാതെന്തോണം

ഓണക്കോടിയെടുക്കാതെ എന്ത് ഓണാഘോഷം. വസ്ത്രവ്യാപാരശാലകളിലെല്ലാം ഓണക്കോടി എടുക്കുന്നവരുടെ തിരക്കായി. ദിവസങ്ങൾക്ക് മുമ്പ് തന്നെ പുതിയ തുണികളുടെ സ്റ്റോക്ക് എത്തിയിരുന്നു. ബോണസും ശമ്പളവും ലഭിക്കുന്നതോടെ വരും ദിവസങ്ങളിൽ വസ്ത്രവിണി ഉഷാറാകുമെന്നാണ് പ്രതീക്ഷ.

ഓഫറോണം

ഓണക്കാലം ഓഫറുകളുടെ ആഘോഷം കൂടിയാണ്. മൊബൈൽ ഫോണടക്കമുള്ള ഇലക്ട്രോണിക്സ് വിപണിയും ഗൃഹോപകരണ വ്യാപാരമേഖലയും ഓഫറുകളുമായി രംഗത്തെത്തിയിട്ടുണ്ട്. ഇലക്ട്രോണിക്സ് വിപണിയിൽ ഒന്ന് മേടിക്കുമ്പോൾ മറ്റൊന്ന് ഫ്രീയായി നൽകുമെങ്കിൽ ഗൃഹോപകരണ വിപണിയിൽ വൻ ഡിസ്കൗണ്ടുകളാണ് ഉപഭോക്താക്കളെ കാത്തിരിക്കുന്നത്. വസ്ത്രശാലകളിലും വിവിധ തരം സമ്മാനങ്ങളുമായി ഓഫറുകളുടെ പെരുമഴയാണ്. പലകടകളിലും യുവാക്കളെ ലക്ഷ്യമിട്ടാണ് ഓഫറുകൾ. ഓണത്തോടനുബന്ധിച്ച് പലയിടത്തും പുതിയതായി കടകൾ ആരംഭിച്ചിട്ടുമുണ്ട്.

പൂവിപണിയിൽ പൂവിളി

ഓണമെന്നാൽ അത്തപ്പൂക്കളമാണ്. ഗ്രാമപ്രദേശങ്ങളിൽ തീർത്തും പൂക്കൾ ഇല്ലാതായതോടെ മലയാളിക്ക് അത്തപൂക്കളമിടണമെങ്കിൽ അന്യസംസ്ഥാനങ്ങളിൽ നിന്ന് വേണം പൂക്കളെത്താൻ. അത്തം പിറന്നതോടെ പൂവിപണിയിൽ കച്ചവടം ഇരട്ടിയായി. എത്ര വിലയാണെങ്കിലും വാങ്ങാനാളുണ്ടെന്നതിനാൽ വിപണി ഉഷാറാണ്. വിവിധ റസിഡന്റ്സ് അസോസിയേഷനുകളുടെയും വിവിധ സംഘടനകളുടെയും ക്ലബുകളുടെയും ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന അത്തപൂക്കളമത്സരത്തിനായി വലിയ തോതിൽ ഓർഡർ ലഭിക്കുന്നുണ്ട്. പലരും ദിവസങ്ങൾക്ക് മുമ്പ് തന്നെ ആവശ്യമായ പൂക്കൾ ബുക്ക് ചെയ്യുന്നവരുമുണ്ട്. സ്കൂളുകളിലും വിവിധ ഓഫീസുകളിലും ഓണാഘോഷത്തിന് പൂക്കളമിടാൻ പൂവിപണി തന്നെയാണ് ആശ്രയം.

കരകയറാൻ കാർഷിക വിപണി
മലയാളിക്ക് ഓണം ഉണ്ണാൻ ഉത്പാദിപ്പിച്ച ഹെക്ടർ കണക്കിന് പച്ചക്കറിയടക്കമുള്ള കൃഷിയിടം മഴയെടുത്തെങ്കിലും കർഷകരുടെ പ്രതീക്ഷ ഓണവിപണിയിലാണ്. നശിക്കാത്ത വിളകൾ മികച്ച വിലയിൽ വിപണിയിലെത്തിക്കാമെന്ന പ്രതീക്ഷയിലാണവർ. തമിഴ്‌നാട്ടിൽ നിന്നടക്കം പഴങ്ങളും പച്ചക്കറികൾ എത്തി തുടങ്ങിയതോടെ വിപണി ഉണർന്നു. ഓണചന്തകൾ വഴി താരതമ്യേന വിലക്കുറവിൽ സാധനങ്ങൾ ലഭ്യമാകുമെന്നത് സാധാരണക്കാർക്ക് ആശ്വാസകരമാണ്.