മുട്ടം: മുട്ടം കൊല്ലംകുന്ന് ഭാഗത്ത് കഴിഞ്ഞ ഉരുൾപൊട്ടലിൽ മരണമടഞ്ഞ കഴുമറ്റത്തിൽ അനിൽകുമാറിന്റെ കുടുബത്തിന് സുമനസുകളുടെ കാരുണ്യത്തിൽ വീട്‌ നിർമ്മിച്ച് നൽകി. ജനകീയ സമിതിയുടെ നേതൃത്വത്തിലാണ് 5 സെന്റ് സ്ഥലം വാങ്ങി മനോഹരമായ വീട് നിർമ്മിച്ച് നൽകിയത്.13 ലക്ഷത്തോളം രൂപ ഇതിനായി ജനകീയ സമിതി കണ്ടെത്തി.2018 ആഗസ്റ്റ് 15 നായിരുന്നു അനിൽ കുമാർ ഉരുൾപൊട്ടലിൽ മരണമടഞ്ഞത്.ഗവ.ആശുപത്രിക്ക് സമീപം ബൈക്ക് വെച്ചതിനു ശേഷം വീട്ടിലേക്ക് നടന്നു വരുന്ന വഴി ഉരുൾപൊട്ടി അതിൽ പെടുകയായിരുന്നു. ഒരു ദിവസത്തെ തെരച്ചലിനു ശേഷമാണ് മൃതദേഹം കണ്ടെത്തിയത്.അനിൽകുമാറിന്റെ വീടും സ്ഥലവും പൂർണമായും ഒലിച്ച് പോയിരുന്നു. അനിൽകുമാറിന്റെ മക്കളായ വിഷ്ണുവും മീനാക്ഷിയും ഇവരുടെ മുത്തശ്ശിയും ഉരുൾപൊട്ടിൽ ഭാഗീകമായി മണ്ണിനടിയിൽ പെട്ടിരുന്നു. ഭാഗ്യം ഒന്നുകൊണ്ട് മാത്രമാണ് ഇവർ രക്ഷപ്പെട്ടത്.പിന്നീട് ഇവർക്കാശ്രയം വാടക വീടായിരുന്നു. കുട്ടിയമ്മ മൈക്കിൾ, പി എസ് രാധാകൃഷ്ണൻ ,കെ .രാജേഷ്, ജോസഫ് പഴയിടം, പഞ്ചായത്ത് മെമ്പർമാർ എന്നിവരുടെ നേതൃത്വത്തിൽ ജനകീയ സമിതിയാണ് വീടൊരുക്കിയത്.നന്മ വറ്റാത്ത മനസുകളുടെ സഹായത്താൽ അനിൽകുമാറിന്റെ ഭാര്യ ഓമനയും പ്ലസ് ടു വിദ്യാർത്ഥിയായ വിഷ്ണുവും, ആറാം ക്ലാസ് വിദ്യാർത്ഥിനിയായ മീനാക്ഷിയും കഴിഞ്ഞ ദിവസം മുതൽ പുതിയ വീട്ടിൽ താമസം തുടങ്ങി.മുട്ടം പഞ്ചായത്ത്‌ വൈസ് പ്രസിഡന്റ് റെൻസി സുനീഷ് അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ പ്രഡിഡന്റ് കുട്ടിയമ്മ മൈക്കിൾ വീടിന്റെ താക്കോൽ ദാനം നടത്തി.കെ എ പരീത് കാനാപുറം, കെ പി സുനീഷ്, ടോമി ജോർജ് മൂഴിക്കുഴിയിൽ,ജോസഫ് പഴയിടം,ടി കെ മോഹനൻ ജോസ് ചുമപ്പുങ്കൽ, സുമോൾ ജോയ്‌സൺ എന്നിവർ സംസാരിച്ചു.