ഇടുക്കി : ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ ആഭിമുഖ്യത്തിൽ ചെറുതോണിയിൽ ജനകീയ പങ്കാളിത്തത്തോടെ പത്തുമുതൽ 16 വരെ ഓണംവാരം ആഘോഷിക്കും. വാഴത്തോപ്പ് ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് റിൻസി സിബിയുടെ അദ്ധ്യക്ഷതയിൽ പരിപാടികളുടെ ആലോചനായോഗം ചേർന്നു. ഡിറ്റിപിസി എക്സിക്യൂട്ടീവ് അംഗവും ആഘോഷകമ്മിറ്റി കൺവീനറുമായ സി. വി. വർഗീസ് ഡിറ്റിപിസി സെക്രട്ടറി ജയൻ പി. വിജയൻ എന്നിവർ പ്രസംഗിച്ചു.. പത്തിനു രാവിലെ ജില്ലാ കളക്ടർ എച്ച്. ദിനേശൻ പതാക ഉയർത്തുന്നതോടെ ഒരാഴ്ചത്തെ ആഘോഷ പരിപാടികൾക്കു തുടക്കമാകും. താലൂക്കിലെ അഞ്ച് പഞ്ചായത്തുകളിൽ വിവിധ കലാ കായിക മത്സരങ്ങൾ സംഘടിപ്പിക്കാൻ യോഗം തീരുമാനിച്ചു. ആഘോഷ പരിപാടികളിൽ വിവിധ ക്ലബുകൾ, വ്യാപാര സ്ഥാപനങ്ങൾ, സർക്കാർ, സർക്കാർ ഇതര സ്ഥാപനങ്ങൾ, രാഷ്ട്രീയ സാമൂഹിക സംഘടനകൾ തുടങ്ങി സമൂഹത്തിന്റെ വിവിധതലങ്ങളിലുള്ളവരെ ഉൾക്കൊള്ളിച്ച് വിനോദ സഞ്ചാരികളെ ആകർഷിക്കുന്നതരത്തിലുള്ള പരിപാടികൾക്ക് രൂപം നൽകും. വടംവലി,
അത്തപ്പൂക്കളം ഉൾപ്പെടെയുള്ള മത്സരങ്ങൾ ഉണ്ടാകും. 16 ന് സമാപന ദിവസം പാലാ കമ്യൂണിക്കേഷൻസിന്റെ ഗാനമേള. നിശ്ചല ദൃശ്യങ്ങൾ, ഫ്‌ളോട്ടുകൾ എന്നിങ്ങനെ നാടിന്റെ സാംസ്‌കാരിക പൈതൃകങ്ങളെ ഉൾക്കൊള്ളിച്ചുള്ള വർണശബളമായ റാലി ആഘോഷത്തിന്റെ സവിശേഷതയായിരിക്കും. യോഗത്തിൽ ജില്ലാ പഞ്ചായത്തംഗം ലിസാമ്മ സാജൻ, ഡിറ്റിപിസി എക്സിക്യൂട്ടീവംഗം അനിൽ കൂവപ്ളാക്കൽ, ഇടുക്കി ബ്‌ളോക്ക് പഞ്ചായത്ത് മുൻ അംഗം എ. പി. ഉസ്മാൻ, സ്‌പോർട്സ് കൗൺസിൽ പ്രസിഡന്റ് റോമിയോ സെബാസ്റ്റ്യൻ, വിവിധ രാഷ്ട്രീയ, സാമൂഹിക സംഘടനകളുടെ ഭാരവാഹികൾ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.