രാജാക്കാട് : ചിന്നക്കനാൽ മുന്നൂറ്റിയൊന്ന് കോളനിയിൽ പിടിയാന വൈദ്യുതാഘാതമേറ്റ് ചെരിഞ്ഞ സംഭവത്തിൽ ഒരാൾക്കെതിരെ വനം വകുപ്പ് കേസെടുത്തു. സമീപവാസിയായ ജ്യോൽസ്നാ ഭവൻ ബെന്നിയ്ക്ക് (50) എതിരെയാണ് വൈൽഡ് ലൈഫ്ആക്ട് പ്രകാരം കേസെടുത്തിരിക്കുന്നത്. കഴിഞ്ഞ 27 ന് രാവിലെയാണ് 60 വയസ്സ് പ്രായമുള്ള പിടിയാനയുടെ ജഡം കോളനിയിൽ കൃഷിയിടത്തോട് ചേർന്നുള്ള പുൽമേട്ടിൽ കണ്ടത്.വൈദ്യുതാഘാതമാണ് മരണകാരണമെന്ന് വനം വകുപ്പ് വെറ്റിനറി സർജ്ജൻ നടത്തിയ പോസ്റ്റ് മോർട്ടത്തിൽ തെളിഞ്ഞിരുന്നു. വനപാലകർ നടത്തിയ തിരച്ചിലിൽ സമീപവാസിയായ ബെന്നിയുടെ കൃഷിയിടത്തിന് ചുറ്റിലും വൈദ്യുത വേലി കണ്ടെത്തി. തുടർന്ന് ബെന്നിയെ കസ്റ്റഡിയിലെടുക്കാൻ ചെന്നെങ്കിലും വിഷക്കുപ്പി കയ്യിലെടുത്ത് ആത്മഹത്യാ ഭീഷണി മുഴക്കി. ഇതേത്തുടർന്ന് വനപാലകർ തൽക്കാലത്തേക്ക് പിൻമാറി. തുടർന്ന് ബെന്നി ഒളിവിൽ പോകുകയായിരുന്നു. കോടതിയിൽ നിന്നും മുൻകൂർ ജാമ്യം എടുക്കുന്നതിനുള്ള ശ്രമം നടത്തുന്നതായാണ് വിവരം.