തൊടുപുഴ: യു. പി. സ്വദേശികളായ ദിനേശിനും സച്ചിനും സഞ്ജയ്ക്കുംലഭിച്ച ഓണക്കോടി അവരുടെ ജീവിതത്തിൽ എന്നും ഓർമ്മയിലുണ്ടായിരിക്കും. പുഴയിൽ ചാടിയ യുവതിയെ സ്വന്തം ജീവൻപോലും പണയപ്പെടുത്തി രക്ഷപ്പെടുത്തിയതിന് ലഭിച്ച അംഗീകാരം എങ്ങനെ മറക്കാൻ. ഓണ.ക്കോടി നൽകിയത് പൊലീസാണ് എന്ന് കൂടിയാകുമ്പോൾ അവർക്ക് അഭിമാനിക്കാനേറെ. ഇന്നലെ രാവിലെ ഒമ്പതോടെയാണ് തൊടുപുഴ പാലത്തിൽ നിന്ന് മേലുകാവ് സ്വദേശിനിയായ യുവതി കൈയിലുണ്ടായിരുന്ന ബാഗ് പാലത്തിൽ വെച്ച ശേഷം പുഴയിലേക്ക് ചാടിയത്. ഇത് മുനിസിപ്പൽ മൈതാനത്ത് നിന്ന യു.പി സ്വദേശികളായ ദിനേശ് കുമാര്‍, സച്ചിന്‍ കുമാര്‍, സഞ്ജയ്കുമാര്‍ എന്നിവർ കണ്ടു. ഉടൻ തന്നെ ഇവർ പുഴയിൽ ചാടി ഒഴുക്കിൽപ്പെട്ട യുവതിയെ രക്ഷപ്പെടുത്തി കരയിൽ കയറ്റി. സമീപത്തെ ടാക്സി ഡ്രൈവർമാരും വഴിയാത്രക്കാരും നദിയിലിറങ്ങി യുവതിയെ കരയ്ക്കു കയറ്റാൻ സഹായിച്ചു. വിവരമറിഞ്ഞ് ഉടൻ തന്നെ തൊടുപുഴ പൊലീസും ഫയർഫോഴ്‌സും സ്ഥലത്തെത്തി. തുടർന്ന് ഫയർഫോഴ്‌സിന്റെ ആംബുലൻസിൽ യുവതിയെ തൊടുപുഴ ജില്ലാ ആശുപത്രിയിലെത്തിച്ച് പ്രാഥമിക ചികിത്സ നൽകി. തൊടുപുഴയിലെ സ്വകാര്യ സ്ഥാപനത്തിൽ ജോലി ചെയ്യുന്ന യുവതി മുട്ടത്ത് ഭവന നിർമാണ ബോർഡിന്റെ വനിതാ ഹോസ്റ്റലിലാണ് താമസം. രാവിലെ ജോലി സ്ഥലത്തേക്ക് പുറപ്പെട്ട യുവതി പുഴയിൽ ചാടിയതെന്തിനാണെന്ന് വ്യക്തമല്ല. മാനസികാസ്വാസ്ഥ്യം പ്രകടിപ്പിച്ചിരുന്നതായി പൊലീസ് പറഞ്ഞു. പിന്നീട് യുവതിയെ മാതൃസഹോദരനൊപ്പം പൊലീസ് പറഞ്ഞയച്ചു. നിർമാണ തൊഴിലാളികളായ അന്യസംസ്ഥാനക്കാർ ജോലിക്കു പോകാനെത്തിയപ്പോഴായിരുന്നു സംഭവം. യുവതിയെ പുഴയിൽ നിന്ന് രക്ഷപ്പെടുത്തിയ ഇവരെ നാട്ടുകാർ അഭിനന്ദിച്ചതിനു പിന്നാലെ. ഡിവൈ.എസ്.പി കെ.പി. ജോസിന്റെ നേതൃത്വത്തിൽ എസ്‌.ഐ എം.പി. സാഗറും പൊലീസ് ഉദ്യോഗസ്ഥരും ചേർന്ന് ഓണക്കോടിയും കാഷ് അവാർഡും നൽകി ആദരിച്ചു.