ചെറുതോണി: ഓണത്തോടനുബന്ധിച്ച് ഇടുക്കി അണക്കെട്ട് സന്ദർശകർക്കായി മൂന്നുമാസത്തേയ്ക്ക് പ്രവേശനം അനുവദിച്ചു. നവംബർ 30 വരെയാണ് സന്ദർശനം അനുവദിച്ചിരിക്കുന്നത്. അണക്കെട്ടിലെ ജലനിരപ്പ് ഉയർന്നുകൊണ്ടിരിക്കുകയാണ്. അതിനാൽ ഇത്തവണ കൂടുതൽ സന്ദർശകരെത്തുമെന്നാണ് ഹൈഡൽ ടൂറിസം ഭാരവാഹികൾ പ്രതീക്ഷിക്കുന്നത്. ഇപ്പോൾ അണക്കെടിലെ ജലനിരപ്പ് 2361.14 അടിയാണ്. മഴ കുറയുകയും സ്‌കൂളുകൾ അടക്കുകയും ചെയ്യുന്നതോടെ കൂടുതൽ സന്ദർശകത്തെുമെന്ന് കരുതുന്നു.
അണക്കെട്ട് കാണുന്നതിന് അകത്തേയ്ക്ക് സ്വകാര്യ വാഹനങ്ങൾ പ്രവേശിപ്പിക്കുകയില്ല. പകരം മൂന്നു ബഗ്ഗീ കാറുകളും ഒരു ടെമ്പോ ട്രവലറും അനുവദിച്ചിട്ടുണ്ട്. വാഹനത്തിൽ കയറുന്നതിന് ഒരാൾക്ക് 50 രൂപവീതമാണ് ഫീസ് ഈടാക്കുന്നത്. അണക്കെട്ട് കാണുന്നതിന് മുതിർന്നവർക്ക് 25 രൂപയും കുട്ടികൾക്ക് 10 രൂപയുമാണ് ഫീസ്. ആകെയുള്ള മൂന്ന് ബഗ്ഗീ കാറുകളിൽ രണ്ടെണ്ണം കേടായത് സന്ദർശകരെ ബുദ്ധിമുട്ടിലാക്കി. പ്രായംചെന്നവരും കുട്ടികളും ബഗ്ഗീകാറുകളാണ് ഉപയോഗിച്ചിരുന്നത്. ബാറ്ററി ചാർജ് ചെയ്യാതെ ഓടിച്ചതിനാലാണ് കേടായതെന്ന് പറയുന്നു.നല്ല നിരപ്പുള്ള സ്ഥലത്ത് ഓടിക്കുന്നതിനാണ് ബഗ്ഗീ കാർ ഉപയോഗിക്കുന്നത്. എന്നാൽ ഇടുക്കിയിലെ റോഡ് മോശമായതാണ് ബഗ്ഗീ കാർ കേടാകാൻ കാരണമായതെന്ന് ജീവനക്കാർ പറയുന്നു. മഹാരാഷ്ട്രയിൽ നിന്നും ബാംഗ്ലൂരിൽ നിന്നും വാങ്ങിയ ബഗ്ഗീ കാറുകളാണിവിടെ ഓടിക്കുന്നത്. ഇത് നന്നാക്കുന്നതിന് അവിടുത്തെ ടെക്നീഷ്യൻ വരണമെന്നാണ് അധികൃതർ പറയുന്നത്. കഴിഞ്ഞ വർഷം ഹൈഡൽ ടൂറിസം റിസർവ്വോയറിൽ ഫെഡൽ ബോട്ടനുവദിച്ചിരുന്നു. ഇത്തവണ പെഡൽ ബോട്ടനുവദിക്കാത്തതും സന്ദർശകരെ നിരാശരാക്കി. വനം വകുപ്പിന്റെ നേതൃത്വത്തിൽ വെള്ളാപ്പാറയിൽ നിന്നും ബോട്ടിംഗ് അനുവദിച്ചിട്ടുണ്ട്. അണക്കെട്ടിൽ വെള്ളം കൂടിയതിനാൽ ബോട്ടിംഗിന് കൂടുതലാളുകളെത്തുന്നുണ്ട്.