തൊടുപുഴ: ഓണത്തോടനുബന്ധിച്ച് ജില്ലയിലേക്ക് കഞ്ചാവ് ഉൾപ്പെടെയുള്ള ലഹരി വസ്തുക്കളുടെ ഒഴുക്ക് തടയാൻ 'ഓപ്പറേഷൻ വിശുദ്ധി'യുമായി എക്സൈസ് വകുപ്പ്. വ്യാജമദ്യത്തിന്റെയും ലഹരിവസ്തുക്കളുടെയും ഒഴുക്ക് ഉണ്ടാകുമെന്ന മുന്നറിയിപ്പിനെ തുടർന്ന് സംസ്ഥാനവ്യാപകമായി നടപ്പിലാക്കുന്ന കർമ പരിപാടിയുടെ ഭാഗമാണ് പദ്ധതി. ഓരോ ജില്ലയുടെയും പ്രത്യേക അനുസരിച്ചാണ് ആക്ഷൻപ്ലാൻ. ജില്ലയിലേക്ക് സമാന്തര പാതകളിലൂടെയാണ് കൂടുതലും കഞ്ചാവും സ്പിരിറ്റും കടത്താൻ ശ്രമിക്കുന്നത്. അറവുമാട്, കാലിത്തീറ്റ, വൈക്കോൽ എന്നിവ കേരളത്തിലേക്കു കടത്തുന്നതിന്റെ മറവിലാണ് ഇതും കൊണ്ടുവരുന്നത്. അതിനാൽ ചെക്പോസ്റ്റുകൾക്ക് പുറമെ സമാന്തര പാതകളിലും പരിശോധന കർശനമാക്കണമെന്ന ആവശ്യം ശക്തമാണ്.

ഓപ്പറേഷൻ വിശുദ്ധി ഇങ്ങനെ

1. അന്യസംസ്ഥാന പൊലീസുമായി ചേർന്ന് എല്ലാ ചെക്പോസ്റ്റുകളിലും പട്രോളിംഗ്. ഇതിനായി കൂടുതൽ സേനയെ നിയോഗിച്ചു. ഇതോടൊപ്പം സർക്കിൾ ഇൻസ്പെക്ടർമാർ നേരിട്ട് പരിശോധിക്കും. സി.ഐയ്ക്ക് മുകളിലുള്ള ഉദ്യോഗസ്ഥർ ആഴ്ചയിൽ രണ്ട് ദിവസം നേരിട്ട് ഇത്തരം സ്ഥലങ്ങളിൽ പരിശോധിക്കണം.

2. മുമ്പ് ലഹരി കേസുകളിൽപ്പെട്ട പ്രതികളുടെ ലിസ്റ്റെടുത്ത് അവരെ സൂഷ്മായി നിരീക്ഷിക്കുകയും ഇപ്പോഴും കുറ്റകൃത്യങ്ങളിൽ ഏർപ്പെടുന്നുണ്ടെങ്കിൽ കേസെടുക്കുകയും ചെയ്യും

3. കള്ളുക്ഷാപ്പുകളുടെ പ്രവർത്തനവും നടത്തിപ്പും സൂക്ഷ്മമായി നിരീക്ഷിക്കും. വ്യാജൻ വരുന്നത് തടയാൻ ഉടമകളുടെ വീടടക്കം നിരീക്ഷണത്തിലാകും

പരിശോധിക്കാൻ വനിതകളും

ചെക്പോസ്റ്റുകളിൽ പരിശോധനയ്ക്ക് വനിതാ എക്സൈസ് ഉദ്യോഗസ്ഥരെയും ഉപയോഗിക്കും. സ്ത്രീകളെ പരിശോധിക്കുന്നതിന് ഇത് സഹായിക്കും. സ്ത്രീകളെ ഉപയോഗിച്ച് ലഹരികടത്തുന്നത് ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്നാണ് നടപടി.

പരിശോധന ശക്തമാക്കണമെന്ന് ജനകീയ സമിതി

ഇടുക്കിയിൽ പരിശോധന ശക്തമാക്കാൻ ജില്ലാ കളക്ടർ എച്ച്. ദിനേശന്റെ അധ്യക്ഷതയിൽ ചേർന്ന എക്‌സൈസ് ജനകീയ സമിതി യോഗം തീരുമാനിച്ചു. എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ ജി. പ്രദീപ് റിപ്പോർട്ട് അവതരിപ്പിച്ചു.

''ഓണക്കാലത്ത് സംയുക്ത സ്‌ക്വാഡിന്റെ പരിശോധന കർശനമാക്കും. ചെക്പോസ്റ്റുകളിൽ വനിതകൾ ഉൾപ്പെടെ പരിശോധനാ സംഘത്തെ നിയോഗിച്ചിട്ടുണ്ട്."

ജി. പ്രദീപ്

എക്‌സൈസ് ഡെപ്യൂട്ടി കമ്മിഷണർ

രണ്ട് മാസത്തിനിടെ റെയ്ഡുകൾ- 1239

പിടിച്ച കഞ്ചാവ്- 17.13 കിലോ

വിദേശ മദ്യം- 447.94 ലിറ്റർ

ലിറ്റർ കോട- 560

വ്യാജ മദ്യം- 79 ലിറ്റർ

സ്പിരിറ്റ്- രണ്ടര ലിറ്റർ

പുകയില ഉത്പന്നങ്ങൾ- 44 കിലോ

കൺട്രോൾ റൂം തുറന്നു

15 വരെ പരിശോധന ശക്തമാക്കുന്നതിന്റെ ഭാഗമായി ഇടുക്കി എക്‌സൈസ് ഡിവിഷൻ ഓഫീസിൽ 24 മണിക്കൂർ കൺട്രോൾ റൂം തുറന്നിട്ടുണ്ട്.