തൊടുപുഴ: കുട്ടികളുടെ പാർക്കിനെ ചൊല്ലി നഗരസഭാ കൗൺസിൽ യോഗത്തിൽ അംഗങ്ങൾ തമ്മിൽ വാക്കേറ്റം. മുനിസിപ്പൽ പാർക്കിലെ പലയിടത്തും മരത്തിന്റെ വേരുകൾ വളർന്നും കാലപ്പഴക്കം കൊണ്ടും വൈദ്യുതി ലൈനിന്റെ കേബിൾ മുറിഞ്ഞുപോയിട്ടുണ്ട്. അതിനാൽ പാർക്കിൽ എത്തുന്നവർക്ക് വൈദ്യുതാഘാതമേൽക്കാൻ സാദ്ധ്യതയുണ്ടെന്നും നഗരസഭ എൻജിനിയറിംഗ് വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. ഇത് ചെറിയ അറ്റകുറ്റപ്പണികൾ കൊണ്ട് പരിഹരിക്കാവുന്നതല്ലെന്നും സമഗ്രമായ പ്രവൃത്തികൾ വേണ്ടി വരുമെന്നും റിപ്പോർട്ടിലുണ്ടായിരുന്നു. ഇന്നലെ ചേർന്ന കൗൺസിൽ യോഗത്തിലെ അവസാന അജണ്ടയായി ഇത് പരിഗണിച്ചപ്പോഴാണ് വാദപ്രതിവാദമുണ്ടായത്.
അറ്റകുറ്റപണികൾ കാര്യക്ഷമമായി ചെയ്യാത്തതാണ് കുഴപ്പങ്ങൾക്ക് കാരണമെന്ന് ബി.ജെ.പി അംഗങ്ങൾ പറഞ്ഞപ്പോൾ ഭരണകക്ഷിയംഗമായ എം.കെ. ഷാഹുൽ ഹമീദ് പാർക്കിലെ നവീകരണ പ്രവർത്തനത്തിൽ അഴിമതിയുണ്ടെന്ന് ആരോപിച്ചതാണ് പ്രശ്നങ്ങൾക്ക് തുടക്കം. മുമ്പ് നടത്തിയ പല ജോലികളും യഥാർത്ഥ ഫണ്ടിന്റെ നാലിലൊന്ന് മാത്രം ചെലവഴിച്ചാണ് ചെയ്തിരിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. അഞ്ച് ലക്ഷം രൂപയുടെ വയറിംഗ് ജോലികളിൽ അമ്പതിനായിരം രൂപയുടെ പണി മാത്രമാണ് നടന്നത്. ഇക്കാര്യം താൻ നേരിട്ട് കണ്ട് ബോദ്ധ്യപ്പെട്ടതാണെന്നും അദ്ദേഹം പറഞ്ഞു.
കോൺഗ്രസ് സ്വതന്ത്രന്റെ ഭരണകക്ഷിക്കെതിരായ ആരോപണം ഗൗരവതരമായി കാണണമെന്നും സമഗ്ര അന്വേഷണം വേണമെന്ന് എൽ.ഡി.എഫ് അംഗങ്ങളും ആവശ്യപ്പെട്ടു. ഈ സമയം ആരോപണം ഉയർന്ന സ്ഥിതിക്ക് സമഗ്ര അന്വേഷണം വേണമെന്ന് മുൻ വൈസ് ചെയർമാൻ ടി.കെ. സുധാകരൻ നായർ പറഞ്ഞു. അങ്ങനെയെങ്കിൽ പാർക്കിന് മുമ്പിലെ കംഫർട്ട് സ്റ്റേഷനിലെ സെപ്ടിക് ടാങ്ക് നിർമ്മാണത്തിലെ അഴിമതിയെക്കുറിച്ചും അന്വേഷിക്കണമെന്ന് എം.കെ. ഷാഹുൽ ഹമീദ് പറഞ്ഞു.
സബ്‌കമ്മിറ്റിയെ നിയോഗിച്ചു
പാർക്കിൽ വേണ്ട നവീകരണ പ്രവർത്തനങ്ങളെക്കുറിച്ച് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ കൗൺസിലർമാരായ ടി.കെ. സുധാകരൻ നായർ, രാജീവ് പുഷ്പാംഗദൻ, ഗോപാലകൃഷ്ണൻ എന്നിവരുൾപ്പട്ട സബ്‌കമ്മിറ്റിയെ നിയോഗിച്ചു.
യു.ഡി.എഫ് പ്രതിരോധത്തിൽ
കോൺഗ്രസ് സ്വതന്ത്രനായ എം.കെ. ഷാഹുൽഹമീദ് ഭരണസമിതിക്കെതിരെ ആരോപണമുന്നയിച്ചത് യു.ഡി.എഫിനെ പ്രതിരോധത്തിലാക്കി. വൈസ് ചെയർമാൻ സ്ഥാനം ലീഗിന് പത്ത് മാസത്തേക്കാണ് നൽകിയിരുന്നത്. ഇക്കാര്യം യു.ഡി.എഫിൽ നേരത്തെ ധാരണയായി ഉടമ്പടി ഒപ്പുവച്ചിട്ടുള്ളതാണ്. എന്നാൽ 14 മാസമായിട്ടും ലീഗ് സ്ഥാനം ഒഴിയാൻ കൂട്ടാക്കുന്നില്ല. പറഞ്ഞ സമയം കഴിഞ്ഞിട്ടും വാക്ക് പാലിക്കാത്തതിന്റെ നീരസമാണ് ഷാഹുൽ ഹമീദ് പ്രകടിപ്പിക്കുന്നതെന്നാണ് ആരോപണം.
ശുചീകരണതൊഴിലാളികളുടെ വിഷയം ചർച്ച ചെയ്തു
നഗരസഭയിലെ ശുചീകരണ തൊഴിലാളികളുടെ എണ്ണം വർദ്ധിപ്പിക്കുന്നതുമായി ബന്ധപ്പെട്ട് നഗരസഭാ ഡയറക്ടർ അയച്ച ഫയലിൽ ഒരു വർഷമായിട്ടും തീരുമാനമാകാത്ത വിഷയം കൗൺസിലിൽ ചർച്ചയായി. ഇക്കാര്യ ഇന്നലെ 'കേരളകൗമുദി" വാർത്ത ചെയ്തിരുന്നു. 20 തൊഴിലാളികളെ നിയമിക്കാമെന്ന് സെക്രട്ടറി റിപ്പോർട്ട് നൽകിയിരുന്നു. അവർക്ക് ശമ്പളം നൽകാനുള്ള സാമ്പത്തിക സ്ഥതി നഗരസഭയ്ക്കുണ്ടോയെന്ന് ആരാഞ്ഞ് ഒരു കത്ത് ഡയറക്ടറേറ്റിൽ നിന്ന് നൽകി. എന്നാൽ ആ കത്തിന് ഇതുവരെ മറുപടി നഗരസഭ നൽകിയിട്ടില്ല.