ഇടുക്കി: ഓണക്കാലത്ത് അയൽ സംസ്ഥാനങ്ങളിൽ നിന്ന് മായം കലർന്ന പാൽ കേരളത്തിലേക്കെത്തുന്നത് തടയാനായി ക്ഷീരവികസന വകുപ്പ് കുമളി ചെക്‌പോസ്റ്റിൽ പാൽ പരിശോധന ലാബ് ഇന്ന് മുതൽ ആരംഭിക്കും. സെപ്തംബർ 10 വരെ ഈ ലാബ് 24 മണിക്കൂർ പ്രവർത്തിക്കും. കുമളി ചെക് പോസ്റ്റിൽ സജീകരിക്കുന്ന താത്കാലിക ലാബിൽ മേൽ പറഞ്ഞ ന്യൂട്രലൈസറുകൾ, പ്രിസർവേറ്റീവുകൾ, ആന്റിബയോട്ടിക്കുകൾ തുടങ്ങിയവയുടെ സാന്നിധ്യവും പരിശോധിക്കും. സംസ്ഥാനത്ത് ഒരു വർഷം ഏറ്റവും കൂടുതൽ പാൽ വിൽപ്പന നടക്കുന്നത് ഓണനാളുകളിലാണ്. തമിഴ്‌നാട്ടിൽ നിന്ന് അതിർത്തി കടന്ന് മായംകലർന്ന പാൽ കൂടുതലായി ഒഴുകുന്നതും ഈ ദിവസങ്ങളിലാണ്. ദിവസേന എട്ടോളം ടാങ്കർ ലോറികൾ പാലുമായി ഇതുവഴി കടന്നുവരുന്നുണ്ട്. കൂടാതെ പായ്ക്കറ്റ് പാലും അതിർത്തി കടന്നെത്തുന്നുണ്ട്. രാവിലെ 10ന് ഇ.എസ്. ബിജിമോൾ എം.എൽ.എ ഉദ്ഘാടനം ചെയ്യും.

 ഓണക്കാലത്ത് 51 ടാങ്കറുകളിലായി 6,71,996 ലിറ്റർ പാൽ കുമളി ചെക്‌പോസ്റ്റുവഴി സംസ്ഥാനത്തേക്കെത്തി.



മായം മൂന്ന് തരത്തിൽ

 കേടാകാതിരിക്കാൻ ബോറിക് ആസിഡ് ഫോർമാൽഡിഹൈഡ്, ബെൻസോയിക് ആസിഡ്, സാലിസിലിക് ആസിഡ്, ഹ്രൈഡജൻ പെറോക്‌സൈഡ് തുടങ്ങിയ പ്രിസർവേറ്റീവുകൾ ചേർക്കുന്നു

 അമ്ലത കുറയ്ക്കാൻ സോഡിയം ബൈ കാർബണേറ്റ്, സോഡിയം കാർബണേറ്റ്, സോഡിയം ഹൈഡ്രോക്‌സൈഡ് തുടങ്ങിയ ന്യൂട്രലൈസറുകൾ

 യൂറിയ, ഡിറ്റർജന്റുകൾ, തേങ്ങാവെള്ളം, അമോണിയം സൾഫേറ്റ്, പൊട്ടാസ്യം നൈട്രേറ്റ്, ഉപ്പ്, പാൽപ്പൊടി, സ്റ്റാർച്ച്, സെല്ലലോസ്, ജെലാറ്റിൻ, പഞ്ചസാര തുടങ്ങിയവ ചേർക്കുന്നു

മായം ഇങ്ങനെയും

വൻകിട ഫാമുകളിൽ പശുക്കളുടെ ദേഹത്ത് ഈച്ചകളും പ്രാണികളും വന്നിരിക്കാതിരിക്കാൻ പശുവിനെ കഴുകുന്ന വെള്ളത്തിൽ കീടനാശിനി തളിക്കുന്നുണ്ട്. ടാങ്കർ ലോറികളിൽ ഏറെ ദൂരം കൊണ്ടപോകമ്പോൾ കേടാകാതിരിക്കാൻ വേണ്ടി പാലിൽ ഫോർമാലിൻ ചേർക്കുന്നു. ഡയറി പ്ലാന്റിൽ പാൽ സംസ്‌കരണത്തിന് ഉപയോഗിക്കുന്ന ഉപകരണങ്ങൾ സോഡിയം ഹൈഡ്രോക്‌സൈഡ് ഉപയോഗിച്ച് കഴുകുന്ന പതിവുണ്ട്. വൃത്തിയായിട്ടല്ല ചെയ്യുന്നതെങ്കിൽ പാലിൽ കാസ്റ്റിക് സോഡ കലരാം. പാൽ പിരിയാതിരിക്കാൻ ചേർക്കുന്ന സോഡാക്കാരത്തിന്റെ അമിതോപയോഗം വയറിളക്കം, അൾസർ എന്നിവയുണ്ടാക്കാം. ചികിത്സയ്ക്കായി പശുക്കൾക്ക് നൽകുന്ന സൾഫാഡിമിഡിൻ എന്ന ആന്റിബയോട്ടിക് പാലിലൂടെ പുറത്തെത്തുന്നു.

കുറ്റം തെളിഞ്ഞാൽ തടവും പിഴയും

അതിർത്തി കടന്നു വരുന്ന പാലിൽ മായം കലർത്തിയതായി കണ്ടെത്തിയാൽ വാഹനം ഉൾപ്പെടെ ഭക്ഷ്യ സുരക്ഷാ വകുപ്പിന് കൈമാറും. കുറ്റക്കാർക്ക് 10 ലക്ഷം രൂപവരെ പിഴയും ജീവപര്യന്തം വരെ തടവും ശിക്ഷ ലഭിക്കാം.