തൊടുപുഴ: വനംവകുപ്പ് താത്കാലിക വാച്ചറെ കാട്ടുപന്നി ക്രൂരമായി ആക്രമിച്ച് പരിക്കേൽപ്പിച്ചു. ആക്രമണശേഷം നിമിഷങ്ങൾക്കകം കാട്ടുപന്നി ചത്തു. തൊമ്മൻക്കുത്ത് പന്തലാടിക്കൽ ചോതി കുഞ്ഞ് (65) ശനിയാഴ്ച കാട്ടുപന്നിയുടെ അക്രമത്തിൽ പരിക്കേറ്റത്. വൈകിട്ട് മൂന്നിനാണ് കുഴിമറ്റം ഡിപ്പോയ്ക്ക് സമീപം ക്ഷീണിതനായി ഒരു കാട്ടുപന്നിയെ കണ്ടത്. നാട്ടുകാർ ഓടിച്ചിട്ട് വിന്നിട്ടും പോയില്ല. തുടർന്ന് പന്നിയ്ക്ക് മുന്നിലൂടെവാച്ചർമാർക്കായി പണിത ഷെഡിൽ അരിയെടുക്കാൻ പോകുന്നതിനിടയിൽ പന്നി പിറകിൽ നിന്ന് ഇടിച്ചിട്ടശേഷം കടിക്കുകയായിരുന്നു. കാലുകൾ, ഇടത് കൈ, കീഴ്‌ത്താടി, നടുവ് എന്നിവിടങ്ങളിൽ കടിയേറ്റു. കഴുത്തിൽ- 24 കൈയിൽ- 13, കാലിൽ - 10 തുടങ്ങി അമ്പതോളം തുന്നിക്കെട്ടുകളുണ്ട്. കുഞ്ഞ് തൊടുപുഴ ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്. കടിച്ച ശേഷം പന്നി തൽക്ഷണം ചത്തുവീണു. പന്നിയെ പോസ്റ്റ്‌മോർട്ടം നടത്തിയ ശേഷം തൊമ്മൻകുത്തിൽ തന്നെയെത്തിച്ച് കുഴിച്ചിട്ടതായാണ് വിവരം. അതേസമയം കൂപ്പിൽ പണിക്ക് പോയവർ കാട്ടിൽ വേറെയും പന്നി ചത്തുകിടക്കുന്നതായി കണ്ടെന്ന് നാട്ടുകാർ പറയുന്നു. ഇത് പ്രദേശവാസികളിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.