നെടുങ്കണ്ടം: കോരിച്ചൊരിയുന്ന മഴയിലും നെടുങ്കണ്ടത്തെ വ്യാപാര സ്ഥാപനങ്ങളിൽ വൻ ജനത്തിരക്ക്. മുൻ വർഷത്തെ അപേക്ഷിച്ച് ഓണാഘോഷത്തിനുള്ള സാധനങ്ങൾ വാങ്ങാനെത്തുന്നവരുടെ എണ്ണത്തിലും വർദ്ധനവുണ്ടെന്ന് കച്ചവടക്കാർ പറയുന്നു. സാമ്പത്തിക മാന്ദ്യത്തെ തുടർന്ന് തെല്ലൊരു സ്തംഭനാവസ്ഥയിലായിരുന്ന വിപണി അത്തം നാൾ മുതൽ സജീവമായി. വസ്ത്രങ്ങൾ, സ്വർണ്ണം, വീട്ടുപകരണങ്ങൾ തുടങ്ങിയവ വിൽക്കുന്ന കടകളിലും പലചരക്ക്- പച്ചക്കറി കടകളിലും രണ്ട് ദിവസമായി ജനത്തിരക്കുണ്ട്. ഏലക്കായയുടെ വില വർദ്ധനയും നേന്ത്രവാഴക്കുലകൾക്ക് ഇപ്പോൾ ലഭിക്കുന്ന മികച്ച വിലയും ഓണം വിപണി ഉണർവുള്ളതാക്കുമെന്ന പ്രതീക്ഷയിലാണ് ടൗണിലെ വ്യാപാരികൾ.