തൊടുപുഴ: ക്ഷീരകർഷകർ നേരിടുന്ന ഗുരുതരമായ പ്രതിസന്ധി പരിഹരിക്കാൻ സംസ്ഥാന സർക്കാർ അടിയന്തരമായി ഇടപെടണമെന്ന് ഡി.സി.സി പ്രസിഡന്റ് അഡ്വ. ഇബ്രാഹിംകുട്ടി കല്ലാർ ആവശ്യപ്പെട്ടു. 2017ൽ ലിറ്ററിന് നാല് രൂപ പാലിന് വില വർദ്ധനയുണ്ടായ ശേഷം ഇതുവരെയും കൂട്ടിയിട്ടില്ല. എന്നാൽ കാലിത്തീറ്റവിലയിൽ അഞ്ച് തവണയായി 50 കിലോഗ്രാം ചാക്കിന് 240 രൂപ വർദ്ധിച്ചു. കാലിത്തീറ്റ സബ്സിഡി വർദ്ധിപ്പിക്കണം. 50 കിലോഗ്രാം കാലിത്തീറ്റയ്ക്ക് 950 രൂപയായിരുന്നെങ്കിൽ ഇപ്പോൾ 1300 രൂപയായി വർദ്ധിച്ചു. ഒരു ലിറ്റർ പാലിന് ക്ഷീരകർഷകന് കിട്ടുന്നത് ശരാശരി 30 രൂപ മാത്രമാണ്. ഗുണനിലവാരമനുസരിച്ച് പരമാവധി 34 രൂപ വരെ ലഭിക്കും. സംസ്ഥാന സർക്കാരിന്റെ ഭാഗത്തു നിന്ന് അടിയന്തര സഹായം ഉണ്ടായില്ലെങ്കിൽ ജില്ലയിലെ മൂന്ന് ലക്ഷം പേരുടെ ഉപജീവനമാർഗം പ്രതിസന്ധിയിലാകും. പാൽവില ലിറ്ററിന് 50 രൂപയെങ്കിലുമാക്കണം. ക്ഷീരകർഷകരെ തൊഴിലുറപ്പു പദ്ധതിയിൽ ഉൾപ്പെടുത്തുക, സൗജന്യ മൃഗചികിത്സ ലഭ്യമാക്കുക, ക്ഷീരകർഷകരുടെ മുഴുവൻ കടങ്ങളും കടാശ്വാസ പദ്ധതിയിൽ ഉൾക്കൊള്ളിക്കുക, കറവപ്പശുക്കൾക്ക് കുറഞ്ഞ നിരക്കിൽ ഇൻഷുറൻസ് ഏർപ്പെടുത്തുക, സർക്കാർ മൃഗാശുപത്രികളിൽ അവശ്യമരുന്നുകളെത്തിക്കുക തുടങ്ങിയ ആവശ്യങ്ങൾ അംഗീകരിക്കണമെന്നും ഡി.സി.സി പ്രസിഡന്റ് ആവശ്യപ്പെട്ടു.