ഇടുക്കി: സംസ്ഥാന മനുഷ്യാവകാശ കമ്മിഷൻ അദ്ധ്യക്ഷൻ ജസ്റ്റിസ് ആന്റണി ഡൊമിനിക്കിന്റെ ഇടപെടലിനെ തുടർന്ന് സർവീസിലിരിക്കെ മരിച്ച അംഗൻവാടി വർക്കറുടെ മകൾക്ക് ക്ഷേമനിധി ആനുകൂല്യം ലഭിച്ചു. മറയൂർ പെരിയപെട്ടി കോളനിയിൽ താമസിക്കുന്ന ഷൈലജ ഗണേഷിനാണ് അമ്മയുടെ മരണാനന്തരം ലഭിക്കാനുള്ള 28112 രൂപ ലഭിച്ചത്. 2016 ജനുവരിയിലാണ് ഷൈലജയുടെ അമ്മ ചെറുവാട് അംഗൻവാടിയിൽ വർക്കറായിരുന്ന എൽസി റജീന മരിച്ചത്. അംഗൻവാടി ക്ഷേമനിധി ലഭിക്കാൻ അധികാര സ്ഥാനങ്ങളിൽ നിരവധി തവണ പരാതി നൽകിയിരുന്നു. എന്നാൽ മൂന്ന് വർഷം കഴിഞ്ഞിട്ടും ആനുകൂല്യം ലഭിച്ചില്ല. അങ്ങനെയാണ് കമ്മിഷനിൽ പരാതി നൽകിയത്. കമ്മിഷൻ സാമൂഹ്യനീതി തൊടുപുഴ ജില്ലാ ഓഫീസറിൽ നിന്ന് റിപ്പോർട്ട് വാങ്ങി. ക്ഷേമനിധി വിഹിതമായ 28112 രൂപ പരാതിക്കാരിയുടെ ബാങ്ക് അക്കൗണ്ടിൽ അടച്ചിട്ടുണ്ടെന്ന് റിപ്പോർട്ടിൽ പറയുന്നു.