തൊടുപുഴ: പി.ജെ. ജോസഫ് സൗമ്യനായ കലഹപ്രിയനാണെന്ന് കേരള കോൺഗ്രസ് (എം)​ ജോസ് വിഭാഗം സ്റ്റിയറിംഗ് കമ്മിറ്റി അംഗം അഗസ്റ്റിൻ വട്ടക്കുന്നേൽ പറഞ്ഞു. വെള്ളിയാമറ്റം മണ്ഡലം കേരള കോൺഗ്രസ് (എം)​ പ്രവർത്തക കൺവെൻഷൻ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 1969ൽ കേരളകോൺഗ്രസിൽ വന്ന ജോസഫിന് സീറ്റ് നൽകിയത് കെ.എം. ജോർജായിരുന്നു. 1974 മുതൽ പാർട്ടിയിൽ ഉണ്ടായിട്ടുള്ള എല്ലാ പിളർപ്പിലും ഒരു ഭാഗത്ത് ജോസഫ് ഉണ്ടായിരുന്നു. കെ.എം. ജോർജ് മുതൽ ജോസ്. കെ മാണി വരെ നീളുന്ന പട്ടികയിൽ എല്ലാവരോടുമായി പി.ജെ. ജോസഫ് 45 വർഷം കേരള കോൺഗ്രസിൽ കലഹമുണ്ടാക്കിയിട്ടുണ്ട്. അർഹതപ്പെട്ടതിനേക്കാൾ വലിയ സ്ഥാനത്തിന് വേണ്ടിയുള്ള ജോസഫിന്റെ സ്വാർത്ഥ മോഹമാണ് എല്ലാ പിളർപ്പുകളുടെയും കലഹങ്ങളുടെയും മൂലകാരണം. കെ.എം. മാണിയുടെ മരണശേഷം ഉണ്ടായിട്ടുള്ള എല്ലാ പ്രശ്നങ്ങളും ജോസഫിന്റെ അതിരുകടന്ന സ്വാർത്ഥ മോഹമാണെന്നും അദ്ദേഹം പറഞ്ഞു. പാർട്ടി മണ്ഡലം പ്രസിഡന്റ് ജോസി വേളാച്ചേരി അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ കേരള കോൺഗ്രസ് (എം)​ തൊടുപുഴ നിയോജകമണ്ഡലം പ്രസിഡന്റ് ജിമ്മി മറ്റത്തിപ്പാറ മുഖ്യപ്രഭാഷണം നടത്തി.