rajkumar-murder

തൊടുപുഴ: രാജ്കുമാർ കസ്റ്റഡി മരണക്കേസിൽ തെളിവുകളുണ്ടെങ്കിൽ ഇടുക്കി മുൻ എസ്.പി കെ.ബി. വേണുഗോപാലിനെ വിളിച്ചുവരുത്തുമെന്ന് ജുഡിഷ്യൽ കമ്മിഷൻ ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു.

തൊടുപുഴയിലെ സിറ്റിംഗിന് ശേഷം മാദ്ധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

എസ്.പി അറിയാതെ രാജ്കുമാറിനെ ഇത്രയും ദിവസം കസ്റ്റഡിയിൽ സൂക്ഷിക്കാനാകുമോയെന്ന ചോദ്യങ്ങളുണ്ട്. എസ്.പിയുടെ അധികാരപരിധിയിലെ ഒരു പൊലീസ് സ്റ്റേഷനിൽ നടന്ന സംഭവം എന്തുകൊണ്ട് അറിഞ്ഞില്ല. ക്രൈംബ്രാഞ്ച് അറസ്റ്റ് ചെയ്ത ഏഴ് പ്രതികൾക്കും നോട്ടീസ് അയയ്‌ക്കും. മൃതദേഹം റീ പോസ്റ്റ്‌മോർട്ടം നടത്തിയതിൽ മർദ്ദനമാണ് രാജ്കുമാറിന്റെ മരണകാരണമെന്ന് വ്യക്തമായിട്ടുണ്ട്. ഇരുമ്പ് ദണ്ഡ് പോലുള്ള ആയുധം ഉപയോഗിച്ച് മർദ്ദിച്ചതിന്റെ ആഴത്തിലുള്ള ചതവുകൾ രാജ്കുമാറിന്റെ ശരീരത്തിലുണ്ട്. ഇന്നലെ രാജ്കുമാറിന്റെ ഭാര്യ, മാതാവ്, മകൻ, മൂന്ന് ബന്ധുക്കൾ, സാമ്പത്തിക തട്ടിപ്പു കേസിലെ പ്രതികളായ ശാലിനി, മഞ്ജു എന്നിവരുൾപ്പെടെ പത്തു പേരുടെ മൊഴിയാണ് കമ്മിഷൻ രേഖപ്പെടുത്തിയത്. അടുത്ത സിറ്റിംഗ് 26നു തൊടുപുഴയിൽ നടക്കുമെന്നും ജസ്റ്റിസ് നാരായണക്കുറുപ്പ് പറഞ്ഞു. പീരുമേട് സബ്ജയിലിൽ റിമാൻഡിലിരിക്കെ ജൂൺ 21നാണ് രാജ്കുമാർ മരിച്ചത്.