തൊടുപുഴ: മുട്ടം പഞ്ചായത്തിലെ ഒറ്റത്തെങ്ങ് റോഡിന്റെ ശോചനീയാവസ്ഥ പരിഹരിച്ച് സഞ്ചാരയോഗ്യമാക്കാൻ നടപടി സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. പഞ്ചായത്തിലെ ഉയർന്ന പ്രദേശത്തേക്കുള്ള ഏക റോഡാണിത്. ഒറ്റത്തെങ്ങ്, പി.സി.ടി, അറയാനി തുടങ്ങിയ മേഖലകളിൽ താമസിക്കുന്ന നൂറുകണക്കിന് ആളുകൾ സഞ്ചരിക്കുന്ന ഈ റോഡ് കഴിഞ്ഞ വർഷത്തെ പ്രളയകാലത്ത് തകർന്ന് സഞ്ചരിക്കാൻ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം ഉണ്ടായ കനത്ത മഴയിൽ റോഡിന്റെ ടാറിംഗ് കുത്തിയൊലിച്ചുപോയി വലിയ കുഴികൾ രൂപപ്പെട്ടു. ചെറുവാഹനങ്ങൾ പോലും ഈ റോഡിലൂടെ സഞ്ചരിക്കാൻ കഴിയാത്തത് മൂലം വിദ്യാർത്ഥികൾ ഉൾപ്പെടെ കാൽനടയായാണ് സ്‌കൂളിൽ പോകുന്നത്. ഓട്ടം വിളിച്ചാൽ ആട്ടോറിക്ഷ പോലും വരാൻ വിമുഖത കാണിക്കുകയാണ്. റോഡ് കോൺക്രീറ്റ് ചെയ്താൽ മാത്രമേ സഞ്ചാരയോഗ്യമാകൂ. ജില്ലാ പഞ്ചായത്തിന്റെ അധീനതയിലുള്ള റോഡിന്റെ ശോചനീയാവസ്ഥ പരിഹരിക്കാൻ ബന്ധപ്പെട്ട അധികാരികൾ തയ്യാറാകാത്ത സാഹചര്യത്തിൽ പ്രക്ഷോഭം നടത്താൻ തീരുമാനിച്ചു. പ്രക്ഷോഭ സമിതി കൺവീനറായി ടി.എം. കരുണാകരനെ തിരഞ്ഞെടുത്തു.