ഇടുക്കി: നാട്ടാനകളുടെ കച്ചവടവും കൈമാറ്റവും വനംവകുപ്പിന്റെ അനുമതിയോടെയും മാനദണ്ഡങ്ങൾക്ക് അനുസൃതവുമായിട്ടായിരിക്കണമെന്നും ഇത് പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും ചീഫ് വൈൽഡ് ലൈഫ് വാർഡൻ സുരേന്ദ്രകുമാർ അറിയിച്ചു. അടുത്ത കാലത്തായി ആനകളുടെ കൈമാറ്റവും വിൽപനയും വർദ്ധിച്ചു വരുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. ആനകളുടെ അനധികൃത കൈമാറ്റവും പാട്ടത്തിന് നൽകലും അവയുടെ ജീവഹാനിക്ക് തന്നെ കാരണമാകും. കഴിഞ്ഞ ഒന്നരവർഷത്തിനുള്ളിൽ സംസ്ഥാനത്ത് മരണപ്പെട്ട അമ്പതിലധികം ആനകളിലേറെയും ഇത്തരം കൈമാറ്റങ്ങൾക്ക് വിധേയമായിരുന്നതായി ബോധ്യപ്പെട്ട സാഹചര്യത്തിലാണ് വകുപ്പ് നിയമനടപടികൾ കർക്കശമാക്കുന്നത്. രജിസ്റ്റർ ചെയ്ത ജില്ലയിൽ നിന്ന് ആനകളെ പുറത്തേക്ക് കൊണ്ടുപോകുന്ന സാഹചര്യങ്ങളിൽ എന്താവശ്യത്തിന്, എത്ര ദിവസത്തേക്ക് എവിടേക്ക് കൊണ്ടുപോകുന്നു എന്നത് സംബന്ധിച്ച് ഉടമ സാമൂഹ്യ വനവൽക്കരണ വിഭാഗം അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററെ അറയിക്കണം. ഒറ്റത്തവണയായി 15 ദിവസത്തിൽ കൂടുതൽ സ്വന്തം ജില്ല വിട്ട് ആനകളെ മാറ്റി പാർപ്പിക്കാൻ പാടില്ല. 15 ദിവസത്തിലധികം മാറ്റി പാർപ്പിക്കേണ്ട സാഹചര്യങ്ങളിൽ അസിസ്റ്റന്റ് ഫോറസ്റ്റ് കൺസർവേറ്ററിൽ നിന്ന് മുൻകൂർ അനുമതി വാങ്ങുകയും അവയ്ക്ക് മതിയായ സൗകര്യങ്ങൾ ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ബോധ്യപ്പെടുത്തുകയും വേണമെന്നും അദ്ദേഹം അറിയിച്ചു.