marayoor-sandalwood

മറയൂർ: ഇന്നലെ നടന്ന മറയൂർ ചന്ദന ഇ- ലേലത്തിന്റെ ഒന്നാം ഘട്ടത്തിൽ 2.23 കോടി രൂപയുടെ ചന്ദനം വിറ്റഴിച്ചു. 40.5 ടൺ ചന്ദനത്തിൽ 4.45 ടൺ ചന്ദനം മാത്രമാണ് വിൽക്കാനായത്. കർണ്ണാടകം, തമിഴ്നാട് തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള കമ്പനികൾ ഇന്നലെ ലേലത്തിൽ പങ്കെടുക്കാതിരുന്നതാണ് വിൽപന കുറയാൻ കാരണമായത്‌. എട്ട് സ്ഥാപനങ്ങളാണ് ലേലത്തിൽ പങ്കെടുത്തത്. ക്ലാസ് 3 വിഭാഗത്തിൽപ്പെടുന്ന ചന്ദനത്തിനാണ് മികച്ച വില ലഭിച്ചത്. ഒരു കിലോ ചന്ദനത്തിന് നികുതിയടക്കം 18,190 രൂപ വില ലഭിച്ചു. തൃശൂർ ദി ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ഐ.എം. കേരള ലിമിറ്റഡ് കമ്പനിയാണ് ഏറ്റവും കൂടുതൽ ചന്ദനം വാങ്ങിയത്. ഇന്ന് രണ്ടാം ഘട്ട ലേലത്തിൽ 43 ടൺ ചന്ദനം ലേലത്തിനായി ഒരുക്കിയിട്ടുണ്ട്. കഴിഞ്ഞ തവണയും ആദ്യ ദിവസത്തെ ലേലത്തിൽ പങ്കാളിത്തം കുറവായിരുന്നു. രണ്ടാം ദിവസമാണ് കൂടുതൽ കമ്പനികൾ ലേലത്തിൽ പങ്കാളികളായത്. ഇന്ന് നടക്കുന്ന ലേലത്തിൽ കൂടുതൽ ലോട്ടുകൾ വിൽപന നടക്കുമെന്ന പ്രതീക്ഷയിലാണ് വനം വകുപ്പ്. ഡി.എഫ്.ഒ ബി. രഞ്ചിച്ച്, റേഞ്ച് ഫോസ്റ്റ് ഓഫീസർ അരുൺ മഹാരാജ എന്നിവരാണ് ഓൺ ലൈൻ ചന്ദന ലേലത്തിന് നേതൃത്വം നൽക്കുന്നത്.

 വാങ്ങിയ കമ്പനിയും വിറ്റഴിച്ച തുകയും

തൃശൂർ ദി ഫാർമസ്യൂട്ടിക്കൽ കോർപ്പറേഷൻ ഐ.എം- 1.19 കോടി രൂപ

ഡൽഹി അൽ സന ഫ്രാഗ്രനൻസ്- 37. 71 ലക്ഷം

കോട്ടയം മണക്കാട്ട് അയ്യപ്പക്ഷേത്ര ദേവസ്വം- 3.4 ലക്ഷം

വൈക്കം ശ്രീ ദുർഗാദേവി ക്ഷേത്രം- 3.66 ലക്ഷം

ആലപ്പുഴ കൃഷ്ണപുരം കെ.എസ്.ടി.ഡി.സി- 17. 66 ലക്ഷം

മാവേലിക്കര കളരിക്കൽ ഭഗവതി ദേവസ്വം- 4.80 ലക്ഷം

ബാംഗ്ലൂർ അഖ്സ എന്റർപ്രൈസസ്- 23.50

മൂന്നാർ കെ.എഫ്.ഡി.സി- 18.18 ലക്ഷം