ചെറുതോണി: പൈനാവ് -താന്നിക്കണ്ടം- അശോകകവല റോഡ് ടെണ്ടർ ചെയ്തു. റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തിയാണ് 87 കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന റോഡ് ടെണ്ടർ ചെയ്തത്. പ്രകൃതിക്ഷോഭങ്ങളിൽപ്പെട്ട് തകർന്നു പോകാതെ ഏറ്റവും അത്യാധുനിക സാങ്കേതിക വിദ്യയോടു കൂടിയാണ് റോഡ് നിർമ്മിക്കുന്നത്. ചെമ്മണ്ണാർ-ഗ്യാപ്പ് റോഡിന് 121 കോടി രൂപയും അനുവദിച്ച് ടെണ്ടർ ചെയ്തു. 12 മാസമാണ് നിർമ്മാണ കാലാവധി അനുവദിച്ചിട്ടുള്ളത്. വൈദ്യുതി മന്ത്രി എം എം മണി, സി.പി.എം ജില്ലാ സെക്രട്ടറി കെ കെ ജയചന്ദ്രൻ, മുൻ എം.പി അഡ്വ. ജോയ്സ് ജോർജ്, ജില്ലാ സെക്രട്ടറിയേറ്റംഗം സി.വി വർഗീസ് എന്നിവർ ഫെബ്രുവരിയിൽ പൊതുമരാമത്ത് മന്ത്രി ജി സുധാകരനുമായി നടത്തിയ ചർച്ചയിലാണ് റീബിൽഡ് കേരളയിൽ ഉൾപ്പെടുത്തുന്നതിനായി ഇടുക്കി ജില്ലയ്ക്ക് രണ്ട് റോഡുകൾ അനുവദിച്ചിരുന്നത്. അതിനെ തുടർന്ന് വിശദമായ പ്രോജക്ട് റിപ്പോർട്ടും എസ്റ്റിമേറ്റും തയ്യാറാക്കിയാണ് ഇപ്പോൾ രണ്ട് റോഡുകളും ടെണ്ടർ ചെയ്തിട്ടുള്ളത്.