ചെറുതോണി: ഇടുക്കി രൂപതയുടെ നേതൃത്വത്തിൽ രാജാക്കാട് ക്രിസ്തുരാജ ദേവാലയത്തിൽ നിന്ന് ഏഴിന് രാവിലെ 11ന് രാജകുമാരി ദൈവമാതാ പള്ളിയിലേയ്ക്ക് ആയിരക്കണക്കിന് വിശ്വാസികൾ പങ്കെടുക്കുന്ന കാൽനട തീർത്ഥാടനം നടത്തുമെന്ന് വികാരി ജനറാൾ മോൺ. ജോസ് പ്ലാച്ചിക്കൽ അറിയിച്ചു. രൂപതയിലെ പ്രധാന തീർത്ഥാടന കേന്ദ്രമായ രാജകുമാരി പള്ളിയിലേയ്ക്ക് വിവിധ സ്ഥലങ്ങളിൽ നിന്നും എല്ലാവർഷവും തീർത്ഥാടനങ്ങൾ നടത്തിയിരുന്നെങ്കിലും ഈവർഷം മുതൽ രൂപതയുടെ നേതൃത്വത്തിൽ വലിയ തീർത്ഥാടനം ആദ്യമായാണ് നടത്തുന്നത്. തീർത്ഥാടനത്തിൽ ഇടുക്കി രൂപതാദ്ധ്യക്ഷൻ മാർ.ജോൺ നെല്ലിക്കുന്നേൽ,​ വികാരി ജനറാൾമാർ, ഫോറോന വികാരിമാർ, വൈദിക സന്യസ്ത സമൂഹം, ഭക്തസംഘടനാ ഭാരവാഹികൾ എന്നിവർ പങ്കെടുക്കും. തീർത്ഥാടനം രാജകുമാരിയിലെത്തുമ്പോൾ പ്രശസ്ത വചന പ്രഘോഷകനും ഗാനരചയിതാവുമായ ബേബി ജോൺ കലയന്താനി മരിയൻ ശുശ്രൂഷകൾക്ക് നേതൃത്വം നൽകും. ആശീർവാദത്തിന് ശേഷം തീർത്ഥാടക സമൂഹത്തിന് മുഴുവനും നേർച്ചക്കഞ്ഞി വിതരണവും നടത്തും. വൈകിട്ട് 3.30ന് അഭിവന്ദ്യ പിതാവിന്റെ മുഖ്യകാർമികത്വത്തിൽ സമൂഹ ബലിയും തിരുനാൾ പ്രക്ഷിണവും നടത്തുമെന്ന് ഭാരവാഹികളായ ഫാ. ജെയിംസ് മാക്കിയിൽ, ഫാ. മാത്യു ഞവരക്കാട്ട്, ജോർജുകുട്ടി ഉപ്പുതോട്, ആൽബർട്ട് മരിയാപുരം, ആദർശ് മാത്യു, ബിന്റോ മാത്യു, ലിസി ചോക്കാട്ട് എന്നിവരറിയിച്ചു.